ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലെ ക്വിഷം (Qeshm) ദ്വീപുകളോടും ഗോരുക്കിനോടും ചേർന്നുള്ള ഇറാന്റെ തന്ത്രപ്രധാനമായ തീരദേശ നിരീക്ഷണ റഡാർ സൈറ്റുകളിൽ അമേരിക്കൻ സൈന്യം ശക്തമായ ആക്രമണം നടത്തിയതായി റിപ്പോർട്ട് . മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തി ഇറാൻ വിക്ഷേപിച്ച നാല് ഡ്രോണുകൾ യുഎസ് സൈന്യം വെടിവെച്ചിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഈ പ്രത്യാക്രമണം. ഹോർമൂസിലെ ഇറാന്റെ ഡ്രോണാക്രമണങ്ങൾ അന്താരാഷ്ട്ര സമുദ്രപാതയിലെ സുരക്ഷയെ ബാധിക്കുന്നതാണെന്നും സമാധാന അന്തരീക്ഷം തകർക്കുന്ന ഇറാന്റെ പരാക്രമണങ്ങളെ ഒട്ടും ന്യായീകരിക്കാൻ കഴിയില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി. സ്വന്തം പ്രതിരോധം ഉറപ്പാക്കാനും ഭാവിയിലെ ആക്രമണങ്ങൾ തടയാനുമാണ് ഇറാന്റെ റഡാർ കേന്ദ്രങ്ങൾ തകർത്തതെന്നും യുഎസ് അറിയിച്ചു.
യുഎസ് ആക്രമണത്തിന് പിന്നാലെ പേർഷ്യൻ ഗൾഫിലെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലും ശക്തമായ സ്ഫോടനങ്ങളും വ്യോമ പ്രതിരോധ പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിന് നേരെയുണ്ടായ നീക്കങ്ങൾ മേഖലയിലെ എണ്ണ ഉത്പാദനത്തെയും വിതരണത്തെയും ആശങ്കയിലാക്കുന്നുണ്ട്. അമേരിക്കൻ സൈന്യമാണ് ഇവിടെയും ആക്രമണം നടത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇറാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇറാന്റെ നീക്കങ്ങളെ നിരന്തരം നിരീക്ഷിക്കുമെന്നും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
അതേസമയം, യുഎസ് നടപടിക്ക് മറുപടിയായി കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വ്യാപകമായി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇറാൻ തൊടുത്തുവിട്ട മിക്ക മിസൈലുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി കുവൈത്ത് സൈന്യം വ്യക്തമാക്കി. അതിനിടെ, കുവൈറ്റിലും ബഹ്റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ കരാറിനും സമാധാന ചർച്ചകൾക്കും കടുത്ത ഭീഷണിയുയർത്തുന്നതാണ് നിലവിലെ ഈ സൈനിക നീക്കങ്ങൾ.
US-Iran tensions escalate in the Strait of Hormuz; US military destroys Iranian radar sites, report says
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





