ന്യൂ ഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ നടത്താനിരുന്ന ആദ്യ പരസ്യ പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നൽകി. ഇതേത്തുടർന്ന്, യുണൈറ്റഡ് സ്റ്റേറ്റ്സിൽ (യു.എസ്) നിന്ന് ഇന്ന് രാവിലെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ മുൻപ് നിശ്ചയിച്ചിരുന്നതുപോലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകില്ലെന്ന് അറിയിച്ചു. വിമാനത്താവളത്തിന് പുറത്തേക്ക് അംബേദ്കറുടെ പുസ്തകം ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം എത്തിയത്. സമരത്തിന് ഔദ്യോഗിക അനുമതി ലഭിച്ച പശ്ചാത്തലത്തിൽ പ്രതിഷേധക്കാരോട് നേരിട്ട് ജന്തർ മന്തറിലേക്ക് എത്തിച്ചേരാൻ സിജെപി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
രാവിലെ 7.37-ഓടെയാണ് താൻ ഇന്ത്യയിൽ എത്തിയ വിവരം അഭിജീത് ദീപ്കെ സാമൂഹ്യമാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കിയത്. വിമാനത്താവളത്തിൽ വെച്ച് പൊലീസ് അദ്ദേഹത്തിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വൈകിയതിനാലാണ് വിമാനത്താവളത്തിന് പുറത്തിറങ്ങാൻ താമസമുണ്ടായതെന്ന് സിജെപി വക്താവ് സൗരവ് ദാസ് അറിയിച്ചു. നേതാവ് പുറത്തിറങ്ങാൻ വൈകിയതോടെ ജന്തർ മന്തറിൽ നിശ്ചയിച്ചിരുന്ന പ്രതിഷേധ പരിപാടികളുടെ തുടക്കം അല്പം നീണ്ടുപോയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ഒത്തുകൂടാനായിരുന്നു നേരത്തെ പ്രവർത്തകർക്ക് നൽകിയിരുന്ന നിർദ്ദേശം.
പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ നടക്കുന്ന ഈ പ്രതിഷേധ പരിപാടിയിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ, നടൻ പ്രകാശ് രാജ്, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് എന്നിവർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥി സംഘടനകളായ എസ്.എഫ്.ഐ (SFI), ഐസ (AISA) എന്നിവരും പ്രതിഷേധത്തിൽ പങ്കുചേരും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള കോക്റോച്ച് ജനതാ പാർട്ടി ആദ്യമായി തെരുവിലിറങ്ങി നടത്തുന്ന പരസ്യ സമരം രാജ്യം വലിയ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കനത്ത ജാഗ്രത പുലർത്താനും സമരം സൂക്ഷിച്ച് കൈകാര്യം ചെയ്യാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹി ജില്ലയെ 12 സോണുകളായി തിരിച്ച് ഓരോ സോണിന്റെയും ചുമതല ഡി.സി.പിമാർക്ക് കൈമാറി. ജന്തർ മന്തറിൽ മാത്രം 2,000-ത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവരുടെ ഔദ്യോഗിക വസതികൾക്ക് മുന്നിലും പൊലീസ് സുരക്ഷ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.
CJP’s first public protest today; Abhijeet Deepke and his team headed straight to Jantar Mantar after getting permission
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




