ഒട്ടാവ: കാനഡയിലേക്ക് വരാൻ ആഗ്രഹിക്കുന്ന എഐ വിദഗ്ധർക്ക് വർക്ക് പെർമിറ്റ് നടപടികൾ അതിവേഗത്തിലാക്കാനുള്ള പുതിയ പദ്ധതി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. വെറും ഇരുപത് ദിവസത്തിനുള്ളിൽ അപേക്ഷയുടെ തുടക്കം മുതൽ വർക്ക് പെർമിറ്റ് പൂർണ്ണമായും കൈയ്യിൽ കിട്ടുന്ന രീതിയിലാണ് ഈ പുതിയ ‘എഐ വർക്കർ സ്ട്രീം’ രൂപകൽപ്പന ചെയ്യുന്നത്. സാധാരണയായി ഒരു കനേഡിയൻ വർക്ക് പെർമിറ്റ് ലഭിക്കാൻ രണ്ട് മുതൽ ആറ് മാസം വരെ സമയമെടുക്കുന്ന സ്ഥാനത്താണ് കാനഡയുടെ ഈ അടിയന്തര നീക്കം എന്നത് ശ്രദ്ധേയമാണ്.
നിലവിലുള്ള ഗ്ലോബൽ ടാലന്റ് സ്ട്രീം എന്ന പദ്ധതിക്ക് കീഴിലാണ് പുതിയ എഐ വിസാ സ്ട്രീം നടപ്പിലാക്കുക. ഇതിലൂടെ തൊഴിലുടമകൾക്ക് ആവശ്യമായ ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റ് പത്ത് ദിവസത്തിനകവും, വർക്ക് പെർമിറ്റ് അപേക്ഷകൾ അടുത്ത പത്ത് ദിവസത്തിനകവും പ്രോസസ്സ് ചെയ്ത് തീർക്കാൻ സാധിക്കും. കൂടാതെ ഈ പദ്ധതി വഴി കാനഡയിലെത്തുന്ന എഐ വിദഗ്ധർക്ക് ഭാവിയിൽ കാനഡയിലെ സ്ഥിരതാമസത്തിനുള്ള നടപടികൾ എളുപ്പമാക്കാനുള്ള പ്രത്യേക സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ തൊഴിലുടമകൾക്കും ജീവനക്കാർക്കും എന്തൊക്കെ യോഗ്യതകൾ വേണമെന്നോ, ഇത് എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ സർക്കാർ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.
കാനഡയുടെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള കാർണി സർക്കാരിന്റെ ‘AI for All’ സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എഐ മേഖലയിൽ രണ്ടര ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് 200 ബില്യൺ ഡോളറിന്റെ അധിക വളർച്ചയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ നിലവിൽ കാനഡയിലെ കമ്പനികളിൽ വെറും പന്ത്രണ്ട് ശതമാനം മാത്രമുള്ള എഐ ഉപയോഗം വരും വർഷങ്ങളിൽ വലിയ രീതിയിൽ ഉയർത്താനും രാജ്യം ലക്ഷ്യമിടുന്നു.
നിലവിൽ ഐടി, ടെക്നോളജി മേഖലകളിലെ വിദഗ്ധരെ വേഗത്തിൽ കാനഡയിലെത്തിക്കാൻ രണ്ട് കാറ്റഗറികളാണ് ഗ്ലോബൽ ടാലന്റ് സ്ട്രീമിൽ ഉള്ളത്. നിർദ്ദിഷ്ട സർക്കാർ പങ്കാളികൾ ശുപാർശ ചെയ്യുന്ന കമ്പനികൾക്ക് ഉയർന്ന ബിരുദമോ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവരെ നിയമിക്കാനുള്ളതാണ് ആദ്യ കാറ്റഗറി. ഡാറ്റാ സയന്റിസ്റ്റ്, സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് ഏത് തൊഴിലുടമയ്ക്കും ജീവനക്കാരെ കണ്ടെത്താൻ അനുവാദം നൽകുന്നതാണ് രണ്ടാമത്തെ കാറ്റഗറി. പുതിയ എഐ സ്ട്രീം നിലവിലുള്ള ഈ കാറ്റഗറികളിൽ മാറ്റം വരുത്തിക്കൊണ്ടാണോ അതോ ഒരു പുതിയ വിഭാഗമായിട്ടാണോ വരിക എന്നതിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരും. എന്തായാലും ടെക് പ്രൊഫഷണലുകൾക്ക് കാനഡയിലേക്ക് കുടിയേറാൻ പറ്റിയ ഏറ്റവും സുവർണ്ണാവസരമാണിത് എന്നതിൽ തർക്കമില്ല.
Canada plans to fast-track work permits for AI professionals
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





