വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാരകരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് വ്യക്തമാക്കിയാണ്, ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധം ശക്തമാക്കുന്ന കരാർ പ്രഖ്യാപനം ട്രംപ് നടത്തിയത്. നാല് ദിവസം നീണ്ടുനിന്ന ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്നും ഇരുപക്ഷത്തിനും ഒരുപോലെ പ്രയോജനമുണ്ടാകുന്ന വിധത്തിലാണ് കരാർ രൂപപ്പെടുത്തുന്നതെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
വർഷങ്ങളായി ഇന്ത്യ അമേരിക്കയ്ക്കുമേൽ ഉയർന്ന തീരുവ ചുമത്തി മുതലെടുക്കുകയായിരുന്നുവെന്നും മുൻകാലങ്ങളിൽ യുഎസിന് ഇന്ത്യയിൽ നിന്ന് കാര്യമായ നേട്ടമൊന്നും ലഭിച്ചിരുന്നില്ലെന്നും ട്രംപ് ആരോപിച്ചു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയെന്നും യുഎസ് ഇന്ത്യയിൽ നിന്ന് വലിയ തോതിൽ പണം സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “എന്നാൽ ഇത്തവണ യുഎസ് ഇന്ത്യയുമായി കരാറിലെത്തിയത് എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രിയെ അത്രയധികം ഇഷ്ടമായത് കൊണ്ടാണ്. അദ്ദേഹം എൻ്റെ നല്ല സുഹൃത്താണ്, ഞങ്ങൾ തമ്മിൽ മികച്ച ബന്ധമാണുള്ളത്” – വൈറ്റ് ഹൗസിൽ ട്രംപ് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾക്കൊപ്പം പശ്ചിമേഷ്യൻ പ്രതിസന്ധിയിലും ഇറാനെതിരെ കടുത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കാൻ യുഎസിന് ഉടനടി സാധിക്കുമെന്നും അതിനായി പ്രത്യേകം കരാറുകളുടെ ആവശ്യമില്ലെന്നും ട്രംപ് ഭീഷണി മുഴക്കി. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാൻ ഉപാധികളില്ലാതെ തുറന്നുനൽകണമെന്നും ഇറാനുമായുള്ള യുദ്ധമുണ്ടായാൽ അതിൽ യുഎസ് തന്നെ വിജയിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, കുവൈറ്റ് വിമാനത്താവളത്തിൽ പതിച്ചത് യുഎസ് സേനയുടെ ആര്‍ക്യു 170 സെന്‍റിനല്‍ ഡ്രോണുകളാണെന്നും തങ്ങൾ ആക്രമിച്ചത് യുഎസ് കോപ്റ്ററുകളുള്ള ഭാഗമാണെന്നും ഇറാൻ ആവർത്തിച്ചു.
മറുഭാഗത്ത് പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ ധാരണ പൂർണ്ണമായി തള്ളി ഹിസ്ബുള്ള നേതാവ് നയിം ഖാസിം രംഗത്തെത്തി. നിലവിലെ ചർച്ചകൾ ലെബനന് തികച്ചും അപമാനകരമാണെന്നാണ് ഹിസ്ബുള്ളയുടെ നിലപാട്. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും ലെബനനിൽ ഇസ്രയേൽ കടുത്ത വ്യോമാക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ മണിക്കൂറുകളിലുണ്ടായ ആക്രമണങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
India-US trade deal imminent; He is my close friend, says Trump, highlighting friendship with Modi
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





