സെന്റ് ജോൺസ്: കാനഡയിൽ താൽക്കാലിക തൊഴിൽ വിസ പ്രോഗ്രാമുകളിലൂടെ ജോലി നേടാൻ ആഗ്രഹിക്കുന്ന വിദേശ ഉദ്യോഗാർത്ഥികൾക്കും അവിടുത്തെ ഗ്രാമീണ മേഖലകളിലെ തൊഴിലുടമകൾക്കും ആശ്വാസകരമായ പുതിയ പ്രഖ്യാപനം. കനേഡിയൻ ഫെഡറൽ സർക്കാരിന്റെ താൽക്കാലിക പൊതുനയത്തിന്റെ ഭാഗമാകാൻ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ (Newfoundland and Labrador) പ്രവിശ്യയും തീരുമാനിച്ചു. ഗ്രാമീണ മേഖലകളിലെ കുറഞ്ഞ വേതനമുള്ള താൽക്കാലിക വിദേശ തൊഴിലാളികളെ (Temporary Foreign Workers) നിയമിക്കുന്നതിൽ തൊഴിലുടമകൾക്ക് കൂടുതൽ ഇളവുകൾ നൽകുന്നതാണ് ഈ പദ്ധതി. ഫെഡറൽ സർക്കാരിന്റെ ഔദ്യോഗിക വെബ്‌പേജ് വഴിയാണ് ജൂൺ രണ്ടിന് ഈ നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.
ഗ്രാമീണ മേഖലകളിലെ കടുത്ത തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി 2026 ഏപ്രിൽ 1-നാണ് ഫെഡറൽ സർക്കാർ ഈ താൽക്കാലിക നയം രൂപീകരിച്ചത്. ഇതനുസരിച്ച്, പദ്ധതിയിൽ പങ്കാളികളാകുന്ന പ്രവിശ്യകൾക്ക് തങ്ങളുടെ ആവശ്യാനുസരണം നിയമങ്ങളിൽ ഇളവുകൾ വരുത്താൻ അനുവാദമുണ്ട്. ഈ ഇളവുകൾ പൂർണ്ണമായും നടപ്പിലാക്കാൻ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഭരണകൂടം ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ തൊഴിൽ മേഖലകൾക്കും ബാധകമാകുന്ന രീതിയിലാണ് പ്രവിശ്യയിൽ ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. പുതിയ ഇളവുകൾ 2026 ജൂൺ 11 മുതൽ പ്രവിശ്യയിൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. 2027 മാർച്ച് 31 വരെ ഈ ആനുകൂല്യങ്ങൾ തുടരുമെന്നാണ് നിലവിലെ അറിയിപ്പ്.
പുതിയ നയം പ്രവിശ്യ അംഗീകരിച്ചതോടെ ഗ്രാമീണ മേഖലകളിലെ തൊഴിലുടമകൾക്ക് രണ്ട് പ്രധാന ആനുകൂല്യങ്ങളാണ് ലഭിക്കുക. നിലവിൽ കുറഞ്ഞ വേതനമുള്ള തസ്തികകളിൽ അനുവദനീയമായ വിദേശ തൊഴിലാളികളുടെ പരിധി 10 ശതമാനമാണ്. എന്നാൽ പുതിയ തീരുമാനപ്രകാരം, ഈ പത്ത് ശതമാനമെന്ന പരിധി കവിഞ്ഞാലും നിലവിലുള്ള താൽക്കാലിക വിദേശ തൊഴിലാളികളെ ജോലിയിൽ നിലനിർത്താൻ തൊഴിലുടമകൾക്ക് സാധിക്കും.
കൂടാതെ, മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ താൽക്കാലിക വിദേശ തൊഴിലാളികളുടെ പരിധി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താനും പുതിയ നയം അനുമതി നൽകുന്നു. കാനഡയിലെ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ മാനദണ്ഡപ്രകാരം വലിയ നഗരപരിധിക്ക് (Census Metropolitan Areas) പുറത്തുള്ള ഗ്രാമീണ മേഖലകളിലെ തൊഴിലുടമകൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അടിസ്ഥാന നിയമങ്ങൾ പാലിക്കാത്ത തൊഴിലുടമകൾക്ക് ഈ ഇളവുകൾക്ക് അർഹതയുണ്ടായിരിക്കില്ല. പ്രസ്തുത തസ്തികകളിലേക്ക് കനേഡിയൻ പൗരന്മാരെയോ സ്ഥിരതാമസക്കാരെയോ (Permanent Residents) കണ്ടെത്താൻ ആദ്യം ശ്രമം നടത്തിയിരിക്കണം എന്ന നിബന്ധന കർശനമായി തുടരും. നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കില്ല.
2026 ജൂൺ 11-ന് മുൻപായി ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റ് (LMIA) അപേക്ഷ സമർപ്പിച്ച ഗ്രാമീണ തൊഴിലുടമകൾക്ക് ഈ പരിഗണന ലഭിക്കില്ലെന്നും, ഈ തീയതിക്ക് ശേഷം പുതിയ അപേക്ഷ സമർപ്പിക്കുന്നവർക്ക് മാത്രമേ ഇളവുകൾ ബാധകമാകൂ എന്നും എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ (ESDC) വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരതാമസത്തിനുള്ള ഇരട്ട ഉദ്ദേശ്യ (Dual-intent) വിസ അപേക്ഷകൾക്ക് കീഴിലുള്ള കുറഞ്ഞ വേതന തസ്തികകളെ ഈ ഇളവുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിർമ്മാണം (Construction), ഭക്ഷ്യ സംസ്കരണം (Food manufacturing), ആശുപത്രികൾ, നഴ്സിംഗ് കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ ചില പ്രത്യേക മേഖലകളിൽ നിലവിലുള്ള 20 ശതമാനം വിദേശ തൊഴിലാളി പരിധിയിൽ പുതിയ മാറ്റങ്ങൾ സ്വാധീനം ചെലുത്തില്ല. ഹോം ചൈൽഡ് കെയർ പ്രൊവൈഡർമാർ, രജിസ്റ്റേർഡ് നഴ്സുമാർ എന്നിവരുൾപ്പെടെയുള്ള വീട്ടിലെ പരിചാരകരുടെ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ന്യൂ ബ്രൺസ്വിക്ക്, നോവ സ്കോഷ്യ, ക്യൂബെക്ക് എന്നീ പ്രവിശ്യകൾ നേരത്തെ തന്നെ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. എന്നാൽ ആൽബർട്ടയും നുനാവൂട്ടും ഇതിൽ പങ്കാളികളാകില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പ്രവിശ്യകളുടെ നിലപാടുകൾ വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Great opportunity for candidates!; Newfoundland raises foreign worker limit
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





