ഒന്റാറിയോ: വടക്കൻ ഒന്റാറിയോയിൽ കാട്ടുതീ പടർന്നുപിടിക്കുന്നതിനെത്തുടർന്ന് ജനജീവിതം അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. ടിമ്മിൻസ് നഗരത്തിന് തെക്കുഭാഗത്തായുണ്ടായ അതിശക്തമായ കാട്ടുതീ ഇതുവരെയും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ലാത്തതിനാൽ പ്രദേശത്തെ പ്രമുഖ ആദിവാസി സമൂഹമായ മറ്റഗാമി ഫസ്റ്റ് നേഷൻ പ്രദേശത്ത് നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ചു വരികയാണ്.
ബുധനാഴ്ച രാവിലെ മുതലാണ് ഏകദേശം 160 ഓളം വരുന്ന ആളുകളെ ബസ്സുകളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ആരംഭിച്ചതെന്ന് മറ്റഗാമി ചീഫ് ജെന്നിഫർ കോൺസ്റ്റന്റ് സ്ഥിരീകരിച്ചു. നിലവിൽ ടിമ്മിൻസ് 9 എന്ന് പേരിട്ടിരിക്കുന്ന കാട്ടുതീ ഏകദേശം 464 ഹെക്ടർ പ്രദേശത്താണ് പടർന്നു പിടിച്ചിരിക്കുന്നത്. ഇത് നിലവിൽ ജനവാസ മേഖലയിൽ നിന്നും വെറും 13 കിലോമീറ്റർ മാത്രം അകലെയാണ്. തീ അഞ്ച് കിലോമീറ്റർ പരിധിയിലേക്ക് എത്തിയാൽ ബാക്കിയുള്ള മുഴുവൻ ആളുകളെയും അടിയന്തിരമായി ഒഴിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഒമ്പതോളം ഫയർ റേഞ്ചർ ക്രൂ അംഗങ്ങളും, രണ്ട് വാട്ടർബോംബർ വിമാനങ്ങളും തീ അണയ്ക്കാനായി രംഗത്തുണ്ട്.
ഇതിനുപുറമേ കോക്രെയിൻ 5 എന്നറിയപ്പെടുന്ന മറ്റൊരു കാട്ടുതീ പീവാനുക്ക് എയർപോർട്ടിന് സമീപം 40 ഹെക്ടറിലായി പടർന്നു പിടിച്ചതിനെത്തുടർന്ന് വീനസ്ക് ഫസ്റ്റ് നേഷൻ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ മുൻനിർത്തി പ്രദേശത്തെ പ്രധാന റോഡുകളും കാട്ടുപാതകളും മന്ത്രാലയം താൽക്കാലികമായി അടച്ചു പൂട്ടി. വടക്കൻ ഒന്റാറിയോയിൽ ഉടനീളം കടുത്ത ചൂടും വരണ്ട കാലാവസ്ഥയും തുടരുന്നതിനാൽ വരും ദിവസങ്ങളിലും കാട്ടുതീ പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് മുന്നറിയിപ്പ്.
Massive fire south of Timmins still out of control, First Nation community being evacuated
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





