ഒട്ടാവ: കാനഡയിൽ പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റിന് (PGWP) അപേക്ഷിക്കുന്നവർക്കായി ഓൺലൈൻ പോർട്ടലിൽ പ്രധാന മാറ്റം വരുത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഭാഷാ വൈദഗ്ധ്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ ഇനി മുതൽ “Proof of Language Proficiency” എന്ന പേരിൽ പ്രത്യേകം അപ്ലോഡ് സെക്ഷൻ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. പുതിയ മാറ്റങ്ങൾ വരുത്തിയതിന് ശേഷമുള്ള അപേക്ഷകളിൽ ആശയക്കുഴപ്പം ഒഴിവാക്കാനും കൂടുതൽ വ്യക്തത വരുത്താനുമാണ് IRCC-യുടെ ഈ പുതിയ നീക്കം.
പുതിയ നിയമപ്രകാരം ഭാഷാ യോഗ്യത തെളിയിക്കേണ്ട അപേക്ഷകർ തങ്ങളുടെ വാലിഡ് ആയ ലാംഗ്വേജ് ടെസ്റ്റ് റിസൾട്ടുകൾ ഈ പുതിയ ഫീൽഡിൽ നിർബന്ധമായും അപ്ലോഡ് ചെയ്യേണ്ടതാണ്. ചില അപേക്ഷകരുടെ പോർട്ടലിൽ ഈ സെക്ഷൻ “Optional Documents” എന്ന ഗണത്തിലാണ് കാണിക്കുന്നതെങ്കിലും, പുതിയ നിയമം ബാധകമാകുന്നവർ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ ഒട്ടും വീഴ്ച വരുത്തരുത്. ഭാഷാ പരീക്ഷാ ഫലങ്ങൾ സമർപ്പിക്കാത്ത പക്ഷം നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടാൻ വലിയ സാധ്യതയുണ്ട്. കൂടാതെ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഈ പരീക്ഷാ ഫലങ്ങൾക്ക് രണ്ട് വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത് എന്നതും പ്രധാനമാണ്.
IELTS General Training, CELPIP General, PTE Core, TEF Canada, TCF Canada എന്നിവയാണ് ഇതിനായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഭാഷാ പരീക്ഷകൾ. ഭാഷാ യോഗ്യതയ്ക്കുള്ള ഈ പുതിയ നിയമം എല്ലാ PGWP അപേക്ഷകർക്കും ഒരുപോലെയല്ല ബാധകമാകുന്നത്. അതിനാൽ നിങ്ങളുടെ പഠന കോഴ്സും മറ്റ് യോഗ്യതകളും പരിശോധിച്ച്, നിങ്ങൾക്ക് ഈ നിബന്ധന ബാധകമാണോ എന്ന് കൃത്യമായി ഉറപ്പുവരുത്തുക.
നിലവിൽ PGWP അപേക്ഷകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നവരും കൺസൾട്ടന്റുമാരും തങ്ങളുടെ ഫയലുകൾ ഒരിക്കൽ കൂടി പരിശോധിച്ച്, ആവശ്യമായ ഭാഷാ പരീക്ഷാ ഫലങ്ങൾ കൃത്യമായി പുതിയ സെക്ഷനിൽ തന്നെ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
PGWP Language Test Upload Section Now Available
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





