ന്യൂഡൽഹി: ന്യൂഡൽഹിയിലെ മാളവ്യ നഗറിൽ ഹോട്ടൽ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർക്ക് ദാരുണാന്ത്യം. ‘ഫ്ലൂറിഷ് സ്റ്റേ’ എന്ന ഹോട്ടലിൽ ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ദുരന്തമുണ്ടായത്. കെട്ടിടത്തിൽ കുടുങ്ങിയ 37 പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സാകേതിലെ മാക്സ് ആശുപത്രി, എയിംസ് ട്രോമ സെന്റർ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് പദ്ധതിക്ക് കീഴിൽ ആറ് മുറികൾ പ്രവർത്തിപ്പിക്കാനാണ് ഈ സ്ഥാപനത്തിന് ഡൽഹി സർക്കാർ അനുമതി നൽകിയിരുന്നത്. എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ച് ബേസ്മെന്റ് ഉൾപ്പെടെ 25 മുറികൾ ഇവിടെ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയതെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ ഒൻപത് മണിയോടെ വിവരമറിഞ്ഞ് പത്തിലധികം ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കെട്ടിടത്തിനുള്ളിൽ കനത്ത പുക നിറഞ്ഞത് ആദ്യഘട്ടത്തിൽ തടസ്സമുണ്ടാക്കി. പുക ശ്വാസം മുട്ടിച്ചതോടെ ജനാലകളിലൂടെയും മറ്റും അതിഥികൾ രക്ഷപ്പെടാൻ ശ്രമിച്ചു. തീയിൽ നിന്നും പുകയിൽ നിന്നും രക്ഷപ്പെടാനായി രണ്ട് സ്ത്രീകൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബേസ്മെന്റിൽ കുടുങ്ങിയ മൂന്ന് പേരെയാണ് ആദ്യം രക്ഷപെടുത്തിയത്. പിന്നീട് നടത്തിയ വിശദമായ തിരച്ചിലിലാണ് കൂടുതൽ പേരെ പുറത്തെത്തിച്ചത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് ധനസഹായം പ്രഖ്യാപിച്ചു. ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ ഹോട്ടലിന്റെ ലൈസൻസ്, അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
21 people die in Delhi hotel fire: 37 rescued; Police launch investigation





