പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) കിരീടം നേടിയതിന് പിന്നാലെ ഫ്രാൻസിൽ വ്യാപക അക്രമസംഭവങ്ങൾ. ശനിയാഴ്ച രാത്രി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ആവേശകരമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ആഴ്സണലിനെ തകർത്താണ് പി.എസ്.ജി തങ്ങളുടെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. വിജയത്തിന് പിന്നാലെ പാരീസിലും ഫ്രാൻസിലെ മറ്റ് പ്രധാന നഗരങ്ങളിലും ആരാധകർ തെരുവിലിറങ്ങി തുടങ്ങിയ ആഘോഷം പിന്നീട് കടുത്ത സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ആരാധകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രാജ്യവ്യാപകമായി 219 പേർക്ക് പരിക്കേറ്റു. ഇതിൽ 9 പേരുടെ നില ഗുരുതരമാണ്.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 780 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 480 പേരെ പാരീസ് മേഖലയിൽ നിന്ന് മാത്രമാണ് പിടികൂടിയത്. കസ്റ്റഡിയിലായവരിൽ 82 പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടുന്നു. പാരീസിലെ പ്രശസ്തമായ ഷാംപ്സ് എലീസ് പ്രദേശത്തും, മത്സരം വലിയ സ്ക്രീനിൽ കാണാൻ നാൽപ്പതിനായിരത്തോളം ആരാധകർ ഒത്തുകൂടിയ പി.എസ്.ജിയുടെ ഹോം സ്റ്റേഡിയമായ പാർക് ഡെസ് പ്രിൻസസിന് സമീപവുമാണ് പ്രധാനമായും സംഘർഷമുണ്ടായത്. ആഘോഷങ്ങൾക്കിടയിൽ ഒരു വിഭാഗം ആരാധകർ കടകൾ അടിച്ചുതകർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ക്രമസമാധാനപാലനത്തിന് നിയോഗിച്ച സുരക്ഷാ ജീവനക്കാർക്ക് നേരെ പടക്കങ്ങളും സ്ഫോടകവസ്തുക്കളും എറിഞ്ഞ അക്രമികളെ പിരിച്ചുവിടാൻ പോലീസ് ടിയേർസ് ഗ്യാസ് പ്രയോഗിച്ചു. അക്രമത്തിൽ 57 പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
പാരീസിന് പുറമെ ഫ്രാൻസിലെ മറ്റ് 15 ഓളം നഗരങ്ങളിലും സമാനമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് പാരീസിൽ ട്രെയിൻ, ബസ് ഗതാഗതം പൂർണ്ണമായും താറുമാറായി. നഗരത്തിന് ചുറ്റുമുള്ള പ്രധാന റിംഗ് റോഡ് ഉപരോധിക്കാനുള്ള ശ്രമങ്ങളും ഒരു പോലീസ് സ്റ്റേഷൻ ആക്രമിക്കാനുള്ള നീക്കവും പോലീസ് ശക്തമായി നേരിട്ട് തടഞ്ഞു. ഇതിനിടെ പാരീസിലെ ഒരു റെസ്റ്റോറന്റിന്റെ ടെറസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വർഷം പി.എസ്.ജി ആദ്യമായി ചാമ്പ്യൻസ് ലീഗ് നേടിയപ്പോഴും ഫ്രാൻസിൽ വലിയ രീതിയിൽ അക്രമങ്ങൾ നടന്നിരുന്നു. ഇത്തവണ നഗരത്തിൽ 22,000 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നെങ്കിലും അക്രമങ്ങൾ പൂർണ്ണമായി തടയാനായില്ല. നിലവിൽ സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും ഐഫൽ ടവറിന് സമീപം നിശ്ചയിച്ചിട്ടുള്ള ടീമിന്റെ വിജയ ആഘോഷങ്ങൾ മാറ്റമില്ലാതെ നടക്കുമെന്നും അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Paris in a frenzy; Widespread violence in France following Champions League victory; 780 people arrested






