കൊച്ചി: യുഎസ് പ്രതിരോധ വകുപ്പിന്റെ വൻ ആയുധനിർമാണക്കരാർ ലഭിച്ച കമ്പനിയെന്ന് വിശ്വസിപ്പിച്ച് നടത്തിയ രാജ്യാന്തര നിക്ഷേപത്തട്ടിപ്പിൽ നൂറോളം മലയാളികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർക്ക് നഷ്ടമായത് 700 കോടി രൂപയെന്ന് റിപ്പോർട്ട്. യുഎസ്–ഇന്ത്യൻ സർക്കാരുകളുടെ ഔദ്യോഗിക മുദ്രകൾ വരെ ദുരുപയോഗം ചെയ്ത് ‘ഇൻഡോ–യുഎസ് പസിഫിക് പീസ് ട്രീറ്റി’ എന്ന പേരിൽ വ്യാജ കരാറും ധാരണാപത്രവും ചമച്ചായിരുന്നു തട്ടിപ്പ് സംഘം വലവിരിച്ചത്. നിക്ഷേപകരിൽ നിന്ന് 25 ലക്ഷം രൂപ മുതൽ 5 കോടി രൂപ വരെയാണ് സംഘം തട്ടിയെടുത്തത്. തട്ടിപ്പിനിരയായ മലയാളികൾ യുഎസിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ച് സിബിഐക്കും ദേശീയ അന്വേഷണ ഏജൻസിക്കും (NIA) പരാതി കൈമാറിയതോടെ കേന്ദ്ര ഏജൻസികൾ കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2050 വരെയുള്ള ദീർഘകാല പ്രതിരോധ കരാറിന്റെ വ്യാജ രേഖകൾ ചമച്ചാണ് തട്ടിപ്പുകാർ ഇരകളെ വിശ്വസിപ്പിച്ചത്. കമ്പനി ഓഫിസിൽ യുഎസ്–ഇന്ത്യൻ സേനകളുടെ ഔദ്യോഗിക മെഡലുകൾ ധരിച്ചെത്തിയ ആളുകളുടെ സാന്നിധ്യവും വൻകിട പരസ്യങ്ങളും വാർത്തകളും കൂടി വന്നതോടെ അതിസമ്പന്നരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ വൻതോതിൽ പണമിറക്കുകയായിരുന്നു. ഒരു കോടി രൂപ നിക്ഷേപിക്കുന്നവർക്കും അവരുടെ കുടുംബത്തിനും ആജീവനാന്ത യുഎസ് വീസ, ഗ്രീൻ കാർഡ്, ഉയർന്ന ശമ്പളമുള്ള ജോലി എന്നിവയായിരുന്നു പ്രധാന വാഗ്ദാനം.
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടുത്തി വൻ തുകയുടെ തട്ടിപ്പ് നടന്ന പശ്ചാത്തലത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് കേസിനെ സമീപിക്കുന്നത്. തട്ടിപ്പിന്റെ വ്യാപ്തി അന്താരാഷ്ട്ര തലത്തിലുള്ളതുകൊണ്ട് തന്നെ വിദേശത്തുള്ള പ്രതികളെ കണ്ടെത്താനും പണം എങ്ങോട്ടേക്കാണ് മാറ്റിയതെന്ന് കണ്ടെത്താനുമുള്ള വിപുലമായ അന്വേഷണമാണ് സിബിഐയും എൻഐഎയും ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തുമെന്നാണ് സൂചന.
Huge fraud! 700 crores looted in the name of US defense contract; About 100 Malayalis were victims
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





