ലണ്ടൻ: യുകെയിലെ ലിറ്റിൽഹാംപ്ടണിൽ ഉറക്കത്തിനിടെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞ് മരണപ്പെട്ടു. എറണാകുളം അങ്കമാലി മൂക്കന്നൂർ സ്വദേശി പടയാറ്റിൽ ജിതിൻ സാജുവിന്റെയും, തൃശൂർ മാള കുമ്പിടി സ്വദേശിനി റോസ് മേരിയുടെയും മകൾ ജെസീക്കയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഉറക്കമുണർന്നപ്പോൾ അമ്മയ്ക്കൊപ്പം കിടന്നിരുന്ന കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ എമർജൻസി വിഭാഗത്തെ വിവരമറിയിച്ചെങ്കിലും സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകർ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു.
ഉറക്കത്തിനിടെയുണ്ടായ ശ്വാസതടസ്സമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂന്നാഴ്ച മുൻപ് ചെറിയ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയിരുന്നു. മേയ് ആറാം തീയതിയാണ് മാതാപിതാക്കൾ കുഞ്ഞുമായി നാട്ടിലെത്തി മാമ്മോദീസ ചടങ്ങുകൾ നടത്തിയത്. നാട്ടിലെ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും ഇടയിൽ ജെസീക്കയുടെ കളിചിരികൾ മായും മുൻപാണ് വേർപാടിന്റെ വാർത്തയെത്തുന്നത്. നാട്ടിലെ ചടങ്ങുകൾക്ക് ശേഷം രണ്ടാഴ്ച മുൻപാണ് ഈ കുടുംബം യുകെയിലേക്ക് മടങ്ങിയെത്തിയത്.
2022-ൽ യുകെയിലെത്തിയ ജിതിനും റോസ് മേരിയും അവിടെ ഒരേ കെയർ ഹോമിൽ ഒന്നിച്ച് ജോലി ചെയ്തുവരികയായിരുന്നു. മകളുടെ ഓർമ്മകൾ ഉറങ്ങുന്ന യുകെയുടെ മണ്ണിൽത്തന്നെ സംസ്കാര ചടങ്ങുകൾ നടത്താനാണ് മാതാപിതാക്കൾ തീരുമാനിച്ചിരിക്കുന്നത്. സംസ്കാര തീയതിയും സമയവും പിന്നീട് അറിയിക്കും.
Baby Jessica says goodbye before her laughter dies; UK Malayali couple’s five-month-old baby dies
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





