വിന്നിപെഗ്: രോഗികളോടും സഹപ്രവർത്തകരോടും മോശമായി പെരുമാറുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്ത സംഭവത്തിൽ വിന്നിപെഗിലെ രജിസ്റ്റേർഡ് നേഴ്‌സിന്റെ ലൈസൻസ് റദ്ദാക്കി മാനിറ്റോബ നേഴ്‌സിങ് കോളേജ്. തുടർച്ചയായ പെരുമാറ്റച്ചട്ട ലംഘനങ്ങളെയും ഗുരുതരമായ ആരോപണങ്ങളെയും തുടർന്നാണ് ‘കോളേജ് ഓഫ് രജിസ്റ്റേർഡ് നഴ്‌സസ് ഓഫ് മാനിറ്റോബ’ (CRNM) ഈ കർശന നടപടി സ്വീകരിച്ചത്. ലൈസൻസ് റദ്ദാക്കിയതിന് പുറമെ, കേസിന്റെ വിചാരണ നടപടികൾക്കായി വന്ന ചെലവിലേക്ക് 50,000 ഡോളർ പിഴയായി ഒടുക്കാനും നേഴ്‌സിനോട് പാനൽ നിർദേശിച്ചിട്ടുണ്ട്.
ദീർഘകാലമായി ലഭിച്ച നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് നേഴ്‌സിനെതിരെ ഇപ്പോൾ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്. 2007 മുതൽ ഇവർക്കെതിരെ വിവിധ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും നിരവധി പരാതികൾ അധികൃതർക്ക് ലഭിച്ചിരുന്നു. പരസ്യമായ വംശീയ പരാമർശങ്ങൾ നടത്തുക, രോഗികളെയും ഒപ്പം ജോലി ചെയ്യുന്നവരെയും മാനസികമായി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുക എന്നിവ ഇവരുടെ പതിവുരീതിയായിരുന്നുവെന്ന് അന്വേഷണ സമിതി കണ്ടെത്തി. പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും പെരുമാറ്റത്തിൽ മാറ്റം വരുത്താൻ തയ്യാറാകാത്തതിനെ തുടർന്ന്, ഇവർക്ക് പ്രൊഫഷണൽ രംഗത്ത് തുടരാൻ യോഗ്യതയില്ലെന്ന് കോളേജ് വിലയിരുത്തുകയായിരുന്നു.
നേഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായ ചില നിർണായക സുരക്ഷാ വീഴ്ചകളും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കോവിഡ് വ്യാപന സമയത്ത്, ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്ന ഒരു ഭവനരഹിതനായ രോഗിയെ ആശുപത്രി കിടക്കയിലേക്ക് മാറ്റാതെ അടിയന്തര വിഭാഗത്തിൽ തന്നെ ഉപേക്ഷിച്ചതായി കണ്ടെത്തി. മറ്റൊരു സംഭവത്തിൽ, നാലാം ഘട്ട സ്തനാർബുദം ബാധിച്ച് തീവ്രപരിചരണത്തിലായിരുന്ന രോഗിയെ കാണാനെത്തിയ കുടുംബാംഗത്തെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും രേഖകൾ വ്യക്തമാക്കുന്നു. മെഡിക്കൽ രംഗത്ത് നിരക്കാത്ത ഇത്തരം പ്രവൃത്തികൾ മുൻനിർത്തിയാണ് നേഴ്‌സിനെതിരെ ഇപ്പോൾ അന്തിമ നടപടി സ്വീകരിച്ചിരിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Winnipeg College of Nursing revokes nurse's license for racially abusing patients





