ബ്രിട്ടീഷ് കൊളംബിയ: കാനഡയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്നവർക്ക് വലിയൊരു വാർത്തയുമായി ബ്രിട്ടീഷ് കൊളംബിയ സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. പ്രവിശ്യയിലെ ഗ്രാമീണ-മേഖലകളിൽ ഹെൽത്ത് അതോറിറ്റികൾക്ക് കീഴിൽ ജോലി ചെയ്യുന്ന ക്ലീനിംഗ്, സെക്യൂരിറ്റി ജീവനക്കാർക്കായി പ്രത്യേക ‘താൽക്കാലിക പി.ആർ. പാത’ മേയ് 28-ന് പ്രഖ്യാപിച്ചു. കേവലം 250 പേർക്ക് മാത്രമാണ് ഈ പദ്ധതിയിലൂടെ അതിവേഗം കനേഡിയൻ പി.ആർ. സ്വന്തമാക്കാൻ സാധിക്കുക എന്നതിനാൽ ആവശ്യമായ രേഖകൾ നേരത്തെ തന്നെ തയ്യാറാക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു.
ഈ പദ്ധതി പ്രകാരം ജാനിറ്റേഴ്സ്, കെയർടേക്കേഴ്സ്, ഹെവി ഡ്യൂട്ടി ക്ലീനർമാർ (NOC 65312), ലൈറ്റ് ഡ്യൂട്ടി ക്ലീനർമാർ (NOC 65310), സെക്യൂരിറ്റി ഗാർഡുകൾ (NOC 64410) എന്നീ മൂന്ന് തസ്തികകളിൽ സ്ഥിരമായി ജോലി ചെയ്യുന്നവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. അപേക്ഷകർ ഒരേ ഹെൽത്ത് അതോറിറ്റിക്ക് കീഴിൽ കുറഞ്ഞത് ഒൻപത് മാസമെങ്കിലും പൂർണ്ണസമയ ജോലി ചെയ്ത പരിചയമുള്ളവരായിരിക്കണം. എന്നാൽ പഠനകാലത്തെ ജോലിയോ കോ-ഓപ്പ് പ്ലേസ്മെന്റുകളോ ഇതിലേക്ക് പരിഗണിക്കില്ല. കൂടാതെ ബന്ധപ്പെട്ട ഹെൽത്ത് അതോറിറ്റിയിൽ നിന്നുള്ള ഔദ്യോഗിക ലെറ്റർഹെഡിലുള്ള തൊഴിൽ ഓഫറും അപേക്ഷാ നടപടികൾ പൂർത്തിയാകുന്നതുവരെ ഈ ജോലിയിൽ തുടരേണ്ടതും അനിവാര്യമാണ്. കുറഞ്ഞത് പ്ലസ് ടു യോഗ്യതയും ബി.സി. സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം വരുമാന പരിധിയും അപേക്ഷകർക്ക് ഉണ്ടായിരിക്കണം.
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ഈ പദ്ധതിയിലേക്ക് പരിഗണിക്കില്ല, ഹെൽത്ത് അതോറിറ്റിയുടെ നേരിട്ടുള്ള ജീവനക്കാർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. മെട്രോ വാൻകൂവർ, സെൻട്രൽ ഒകനാഗൻ, കാപ്പിറ്റൽ റീജിയണൽ ഡിസ്ട്രിക്റ്റ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഈ പദ്ധതി വഴി അപേക്ഷിക്കാൻ സാധിക്കില്ല. എന്നാൽ ഗാലിയാനോ, മെയ്ൻ, പെൻഡർ, സാൾട്ട് സ്പ്രിംഗ്, സാറ്റൂർണ എന്നീ ദ്വീപുകളിൽ ജോലി ചെയ്യുന്നവർക്ക് ഇതിൽ ഇളവ് നൽകിയിട്ടുണ്ട്.
ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബി.സി. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം കൊണ്ടുവന്ന ഈ പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ 2026 ജൂൺ 15-ന് ആരംഭിച്ച് ഓഗസ്റ്റ് 31-ന് അവസാനിക്കും. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കുന്നതിനുള്ള ഔദ്യോഗിക വെബിനാർ ജൂൺ 10-ന് നടക്കും. താല്പര്യമുള്ളവർക്ക് BC PNP-യുടെ ഔദ്യോഗിക ‘സ്കിൽസ് ഇമിഗ്രേഷൻ ഗൈഡ്’ വഴി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.
British Columbia unveils requirements for new time-limited pathway to permanent residence
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





