ചെന്നൈ: ക്ഷേത്രങ്ങളിലെ വിഐപി, പ്രത്യേക ദർശന സമ്പ്രദായങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ദൈവത്തിന് മുന്നിൽ എല്ലാ വിശ്വാസികളും തുല്യരാണെന്ന് വാക്കാൽ നിരീക്ഷിച്ച കോടതി, വിഐപികൾക്കായി ഏർപ്പെടുത്തുന്ന പ്രത്യേക ക്രമീകരണങ്ങൾ സാധാരണക്കാരായ ഭക്തർക്ക് കടുത്ത അസൗകര്യങ്ങൾക്കും മണിക്കൂറുകളോളം നീളുന്ന കാത്തിരിപ്പിനും കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ഭാരവാഹിയായ പി. ചൊക്കലിംഗം സമർപ്പിച്ച ഹർജി പരിഗണിക്കവെ, ജസ്റ്റിസുമാരായ ജി. ആർ. സ്വാമിനാഥൻ, വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം.
“കൂടുതൽ പണം നൽകിയാൽ എനിക്ക് ചെന്ന് ദൈവത്തെ കെട്ടിപ്പിടിക്കാൻ പോലും കഴിയുമോ? ദൈവത്തിന് മുന്നിൽ രാഷ്ട്രപതി പോലും സാധാരണക്കാരനാണ്. പിന്നെന്തിനാണ് നമുക്ക് വിഐപി ദർശനം? ദൈവത്തിന് മുൻപിൽ എല്ലാവരും തുല്യരല്ലേ?” എന്ന് കോടതി വാക്കാൽ ചോദിച്ചു. തമിഴ്‌നാട്ടിലെ വലിയ ക്ഷേത്രങ്ങളിൽ അടക്കം പ്രത്യേക ദർശനം, വിഐപി ദർശനം തുടങ്ങിയ പേരുകളിൽ വിവേചനം നിലനിൽക്കുന്നുണ്ടെന്നും, ഇത് സാധാരണക്കാരുടെ ദർശന സമയത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
പണം ഈടാക്കിയുള്ള പ്രത്യേക ദർശനവും വിഐപി സംസ്കാരവും പൂർണ്ണമായി നിർത്തലാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, നവദമ്പതികൾ, ഗർഭിണികൾ തുടങ്ങിയവർക്കുള്ള പ്രത്യേക പരിഗണനകൾ നിലനിർത്തണമെന്നും എല്ലാ ക്ഷേത്രങ്ങളിലും മുതിർന്ന പൗരന്മാർക്കായി വീൽചെയർ സൗകര്യം ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ദർശനത്തിന് പണം നൽകുന്നത് നിർബന്ധമല്ലെന്നും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തുക ഈടാക്കുന്നതെന്നും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. കേസിൽ വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജി പരിഗണിക്കുന്നത് കോടതി ആറാഴ്ചത്തേക്ക് മാറ്റിവെച്ചു.
VIP darshan in temples: Even the President is an ordinary person in front of God, says Madras High Court
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




