ലഖ്നൗ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ ശക്തമായ കൊടുങ്കാറ്റിലും മഴയിലും നിർമ്മാണത്തിലിരുന്ന പാലത്തിന്റെ വലിയൊരു ഭാഗം തകർന്ന് വീണ് ആറ് തൊഴിലാളികൾ മരിച്ചു. ഹാമിർപൂരിലെ മോറ കാന്ദർ, കുരാര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി ബെത്വ നദിക്ക് കുറുകെ നിർമ്മിച്ചുകൊണ്ടിരുന്ന പാലത്തിന്റെ കൂറ്റൻ കോൺക്രീറ്റ് സ്ലാബാണ് തകർന്നുവീണത്. വ്യാഴാഴ്ച രാത്രി വൈകി ആഞ്ഞടിച്ച ശക്തമായ കാറ്റിലാണ് അപകടമുണ്ടായത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അപകടവിവരമറിഞ്ഞ് പ്രാദേശിക ഭരണകൂടവും പൊലീസും ദുരന്തനിവാരണ സേനയും (SDRF) ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി വൻതോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. പാലത്തിന്റെ തൂണുകളിൽ കുടുങ്ങിക്കിടന്ന ചില തൊഴിലാളികളെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി താഴെയിറക്കി. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾ മാറ്റുന്ന മുറയ്ക്കേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുന്ന സംഭവങ്ങൾ അടുത്ത കാലത്തായി വർധിച്ചുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനുമുമ്പ് ബിഹാറിലെ ഭഗൽപൂരിൽ ഗംഗാ നദിക്ക് കുറുകെയുള്ള വിക്രമശില പാലത്തിന്റെ ഒരു ഭാഗം തകർന്ന് നദിയിലേക്ക് വീണിരുന്നുവെങ്കിലും അധികൃതർ കൃത്യസമയത്ത് ആളുകളെ ഒഴിപ്പിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. കൂടാതെ മെയ് ഒന്നിന് ജമ്മു ജില്ലയിലെ ബന്തലാബ് പ്രദേശത്തും നിർമ്മാണത്തിലിരുന്ന പാലത്തിന്റെ തൂൺ തകർന്ന് വീണ് നിരവധി തൊഴിലാളികൾ മരണപ്പെടുകയും ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ അപകടങ്ങളുടെ പശ്ചാത്തലത്തിൽ പാലങ്ങളുടെ നിർമ്മാണ നിലവാരത്തെക്കുറിച്ചും തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചും വ്യാപകമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
A bridge under construction collapsed in a strong storm in Uttar Pradesh; 6 workers died tragically
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




