ലണ്ടൻ: യുകെയിലെ മിൽട്ടൺ കീൻസിൽ പ്രമുഖ മലയാളി ഡോക്ടറായ അച്ചാമ്മ ജോണിനെ ഞായറാഴ്ച വൈകുന്നേരം സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ 58 വയസ്സുകാരനായ ഭർത്താവിനെ ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലെടുത്തു. യുകെയിൽ സ്കിൻ കാൻസർ മേഖലയിൽ പേരെടുത്ത ഡോക്ടറായിരുന്നു കൊല്ലപ്പെട്ട അച്ചാമ്മ ജോൺ.
മിൽട്ടൺ കീൻസിലെ വുൾവർട്ടണിലുള്ള ഈസ്റ്റ് മൂർ ഡ്രൈവിലെ ദമ്പതികളുടെ താമസസ്ഥലത്തുനിന്നും പോലീസിന് അടിയന്തര സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേക്കും അച്ചാമ്മ ജോൺ മരണപ്പെട്ടിരുന്നു. തുടർന്ന് വീട്ടിൽ വച്ചുതന്നെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മികച്ച വിദ്യാർത്ഥിനിയായിരുന്ന അച്ചാമ്മ ജോൺ, എൻ.എച്ച്.എസിൽ (NHS) ഏറെ ജനപ്രിയയായ ഒരു ഡോക്ടറായിരുന്നു.
ഔദ്യോഗിക ജീവിതത്തിൽ വലിയ വിജയങ്ങൾ കൈവരിച്ചിരുന്നെങ്കിലും, അച്ചാമ്മയുടെ കുടുംബജീവിതത്തിൽ ഭർത്താവുമായി കടുത്ത അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. നിലവിൽ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നും അന്വേഷണം തുടരുകയാണെന്നും ബ്രിട്ടീഷ് പോലീസ് അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Malayali doctor found murdered at home in UK; British police take husband into custody










