ദില്ലി: രാജ്യത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരുടെ അംഗസംഖ്യ വൻതോതിൽ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. വിവിധ വിഭാഗങ്ങളിലായി നിലവിലുള്ള ജീവനക്കാരുടെ എണ്ണത്തിൽ 60 ശതമാനത്തോളം വർദ്ധനവാണ് വരുത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരും ജീവനക്കാരുമായി 1,200-ലധികം പേരെ പുതുതായി നിയമിക്കുന്നതിനുള്ള അനുമതി കേന്ദ്ര ധനമന്ത്രാലയം ബുധനാഴ്ച പുറപ്പെടുവിച്ചു. കഴിഞ്ഞ 15 വർഷത്തിന് ശേഷം ആദ്യമായാണ് ഇഡിയിൽ ഇത്തരമൊരു കേഡർ പുനസംഘടന നടക്കുന്നത്. നിലവിൽ രാജ്യവ്യാപകമായി 2,029 ഉദ്യോഗസ്ഥരാണ് ഇഡിയിൽ ഉള്ളത്. പുതിയ നിയമനങ്ങൾ പൂർത്തിയാകുന്നതോടെ ഇത് 3,256 ആയി ഉയരും.
എക്‌സിക്യൂട്ടീവ്, ലീഗൽ, അഡ്ജുഡിക്കേഷൻ, സിസ്റ്റംസ്, മിനിസ്റ്റീരിയൽ, സെക്യൂരിറ്റി, സപ്പോർട്ട് സ്റ്റാഫ് എന്നീ ആറ് കേഡറുകളിലാണ് പുതിയ നിയമനങ്ങൾ നടക്കുക. ഇതിൽ എക്‌സിക്യൂട്ടീവ് കേഡർ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ തസ്തികകൾ അനുവദിച്ചിട്ടുള്ളത്. ഡെപ്യൂട്ടി ഡയറക്ടർമാരുടെ എണ്ണം 148-ൽ നിന്ന് 267 ആയും, അഡീഷണൽ ഡയറക്ടർമാരുടെ എണ്ണം പത്തിൽ നിന്ന് 24 ആയും, ജോയിന്റ് ഡയറക്ടർമാരുടെ എണ്ണം 28-ൽ നിന്ന് 49 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്.
കൂടാതെ അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ തസ്തികയിൽ 803 പേരെയും, എൻഫോഴ്‌സ്‌മെന്റ് ഓഫീസർ തസ്തികയിൽ 606 പേരെയും പുതുതായി നിയമിക്കും. അതേസമയം ഡയറക്ടർ (1), സ്‌പെഷ്യൽ ഡയറക്ടർ (7) എന്നീ ഉയർന്ന തസ്തികകളിൽ മാറ്റമില്ലാതെ തുടരും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) ഉൾപ്പെടെയുള്ള കർശനമായ നിയമങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസിയിൽ ഒടുവിൽ കേഡർ പുനസംഘടന നടന്നത് 2011-ലാണ്.
അതിനിടെ, കേരളത്തിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവും അടിയന്തര റിപ്പോർട്ട് തേടി. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നടത്തിയ റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ട പശ്ചാത്തലത്തിലാണ് നടപടി. ഇഷ്ടികയും കമ്പും ഉപയോഗിച്ച് വാഹനം തകർത്ത സംഭവത്തിൽ ഇഡി ഡയറക്ടർ ഇരു മന്ത്രാലയങ്ങൾക്കും വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. ഉദ്യോഗസ്ഥർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വിഷയം ദേശീയതലത്തിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചയാക്കി മാറ്റാൻ ബിജെപി നിലവിൽ മുതിർന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
More power to ED; Central approval for over a thousand new posts across the country
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









