ന്യൂഫൗണ്ട്ലാൻഡ് : എട്ട് വർഷം മുൻപ് കാണാതായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഡീൻ പെന്നി (Dean Penney) കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കണ്ടെത്തി. കനേഡിയൻ പൊലീസിന്റെ അതീവ രഹസ്യമായ ‘മിസ്റ്റർ ബിഗ്’ (Mr. Big) സ്റ്റീങ് ഓപ്പറേഷനിലൂടെയാണ് വർഷങ്ങൾ ഒളിച്ചുവെച്ച കൊലപാതക വിവരം പുറത്തുവന്നത്. 2016-ൽ ന്യൂഫൗണ്ട്ലാൻഡിലെ സെന്റ് ആന്റണിയിൽ വെച്ച് കാണാതായ ജെന്നിഫർ ഹില്ലിയർ-പെന്നി എന്ന സ്ത്രീയുടെ കൊലപാതകത്തിലാണ് ഭർത്താവ് കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചത്.

വർഷങ്ങളായി തെളിവുകളില്ലാതെ കിടന്ന കേസ് തെളിയിക്കാൻ കനേഡിയൻ റോയൽ മൗണ്ടഡ് പോലീസ് (RCMP) ഒരു അധോലോക സംഘമെന്ന വ്യാജേനയാണ് ഡീൻ പെന്നിയെ സമീപിച്ചത്. നാല് വർഷത്തോളം നീണ്ടുനിന്ന ഈ രഹസ്യ ഓപ്പറേഷനിൽ, വ്യാജപ്പേരുകളിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ പെന്നിയുമായി സൗഹൃദം സ്ഥാപിക്കുകയും അവരുടെ വ്യാജ ക്രിമിനൽ സംഘത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു. ഈ സംഘത്തിന്റെ വിശ്വാസം പിടിച്ചുപറ്റുന്നതിനായി 2023 നവംബറിൽ പെന്നി തന്റെ ഭാര്യയുടെ കൊലപാതക വിവരം അവരോട് വെളിപ്പെടുത്തി. ഈ രഹസ്യ മൊഴികളാണ് കേസിൽ നിർണ്ണായകമായത്.
ഭാര്യ താനുമായി പിരിഞ്ഞ് പുതിയൊരു ജീവിതം തുടങ്ങാൻ പോകുന്നതിലുള്ള അസൂയയും, വിവാഹമോചനം നേടിയാൽ സ്വത്തുക്കൾ പകുത്തുനൽകേണ്ടി വരും എന്ന ഭയവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വഴക്കിനിടയിൽ ഭാര്യയെ തള്ളിയിട്ടെന്നും, മരണം ഉറപ്പാക്കാൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചെന്നും പ്രതി സമ്മതിച്ചിരുന്നു.
എന്നാൽ ഈ ക്രിമിനൽ സംഘത്തെ ഭയന്നാണ് പെന്നി കള്ളക്കഥകൾ ഉണ്ടാക്കി പറഞ്ഞതെന്നും, ജെന്നിഫർ മരിച്ചതിന് കൃത്യമായ തെളിവുകളില്ലെന്നും പ്രതിഭാഗം വക്കീൽ വാദിച്ചെങ്കിലും കോടതി ഇത് തള്ളി. ബുധനാഴ്ച മുതൽ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഞായറാഴ്ച രാവിലെ ജൂറി പ്രതി കുറ്റക്കാരനാണെന്ന വിധി പ്രസ്താവിച്ചത്. വരും ദിവസങ്ങളിൽ പ്രതിക്കുള്ള ശിക്ഷ കോടതി വിധിക്കും.
Dean Penney, charged in ‘Mr. Big’ sting, found guilty of first-degree murder
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









