ഒട്ടാവ: കാനഡയുടെ ഇമിഗ്രേഷൻ വകുപ്പ് മന്ത്രിയായി ലിന മെറ്റ്‌ലെജ് ഡിയാബ് ചുമതലയേറ്റിട്ട് ഒരു വർഷം തികയുമ്പോൾ രാജ്യത്തിന്റെ കുടിയേറ്റ നയങ്ങളിൽ വൻ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ മുൻ നയങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ പ്രാദേശിക കേന്ദ്രീകൃതമായ സാമ്പത്തിക കുടിയേറ്റം, താൽക്കാലിക താമസക്കാർക്കുള്ള ഇളവുകൾ, അഭയാർത്ഥി നിയമങ്ങളിലെ കർശന നിയന്ത്രണങ്ങൾ എന്നിവയാണ് ഡിയാബിന്റെ കീഴിൽ കാനഡ നടപ്പിലാക്കുന്നത്.
മുൻപ് കേന്ദ്രീകൃതമായിരുന്ന ഇമിഗ്രേഷൻ രീതിക്ക് പകരം ഓരോ പ്രവിശ്യകളുടെയും പ്രാദേശിക സാമ്പത്തിക-തൊഴിൽ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന രീതിയാണ് പുതിയ മന്ത്രി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ‘പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം’ (PNP) വഴിയുള്ള പി.ആർ ക്വാട്ട 55,000-ൽ നിന്നും 66 ശതമാനം വർദ്ധിപ്പിച്ച് 91,500 ആക്കി മാറ്റി. അതേസമയം ഫെഡറൽ വഴിയുള്ള സ്ഥിരതാമസ അനുമതികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. കൂടാതെ ചെറിയ പട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലും താമസിക്കുന്ന താൽക്കാലിക തൊഴിലാളികൾക്ക് സ്ഥിരതാമസം നൽകുന്നതിനായി “In-Canada Workers Initiative” എന്ന പുതിയ പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്. ഒരു ചെറിയ കമ്മ്യൂണിറ്റിയിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും താമസിച്ച നഗരപ്രദേശങ്ങൾക്ക് പുറത്തുള്ള തൊഴിലാളികൾക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
നിശ്ചിത തൊഴിൽ മേഖലകളെ ലക്ഷ്യമിട്ട് അഞ്ച് പുതിയ എക്സ്പ്രസ് എൻട്രി കാറ്റഗറികൾ കൂടി കാനഡ അവതരിപ്പിച്ചു. കാനഡയിൽ പ്രവൃത്തിപരിചയമുള്ള ഫിസിഷ്യന്മാർ, സീനിയർ മാനേജർമാർ, ഗവേഷകർ, ഗതാഗത മേഖല, വൈദഗ്ധ്യമുള്ള മിലിട്ടറി റിക്രൂട്ടുകൾ എന്നിവരാണ് ഈ വിഭാഗത്തിൽ വരുന്നത്. എന്നാൽ ഇതിൽ അപേക്ഷിക്കാനുള്ള പ്രവൃത്തിപരിചയ യോഗ്യത ആറ് മാസത്തിൽ നിന്നും ഒരു വർഷമായി ഉയർത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാസ്റ്റേഴ്സ്, ഡോക്ടറൽ കോഴ്സുകൾക്ക് ചേരുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ ആവശ്യമില്ല. കൂടാതെ ഡോക്ടറൽ വിദ്യാർത്ഥികൾക്ക് വെറും രണ്ടാഴ്ചയ്ക്കുള്ളിൽ സ്റ്റഡി പെർമിറ്റ് ലഭ്യമാക്കുന്ന അതിവേഗ സംവിധാനവും കൊണ്ടുവന്നു. ഉപരിപഠനത്തിന്റെ ഭാഗമായി കോ-ഓപ്പ്, ഇന്റേൺഷിപ്പ് എന്നിവ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ പ്രത്യേക ‘കോ-ഓപ്പ് വർക്ക് പെർമിറ്റ്’ ആവശ്യമില്ലാത്ത രീതിയിൽ നിയമങ്ങൾ ലളിതമാക്കി.
വർക്ക് പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് ജോലിയിൽ തുടരാൻ അനുവാദം നൽകുന്ന WP-EXT കത്തുകളുടെ കാലാവധി 180 ദിവസത്തിൽ നിന്നും 365 ദിവസമായി നീട്ടിയത് താൽക്കാലിക ജീവനക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇതോടൊപ്പം ഇറാൻ, യുക്രെയ്ൻ പൗരന്മാർക്ക് വർക്ക് പെർമിറ്റ് പുതുക്കാനുള്ള പ്രത്യേക നയങ്ങൾ 2027 മാർച്ച് വരെ നീട്ടിയിട്ടുമുണ്ട്. അതേസമയം പുതിയ ‘ബിൽ C-12’ പാസാക്കിയതോടെ കാനഡയിലെ അഭയാർത്ഥി നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് സർക്കാർ. കാനഡയിൽ എത്തി ഒരു വർഷത്തിന് ശേഷം നൽകുന്ന അഭയം തേടിയുള്ള അപേക്ഷകൾ ഇനി സ്വീകരിക്കില്ല. പഠന പെർമിറ്റുകളിലെ വ്യാജരേഖകൾ തടയുന്നതിനും ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനും ഗവർണ്ണർ ഇൻ കൗൺസിലിന് വിപുലമായ അധികാരങ്ങൾ ഈ നിയമം വഴി നൽകിയിട്ടുണ്ട്.
നിലവിലുള്ള മൂന്ന് പ്രധാന എക്സ്പ്രസ് എൻട്രി പ്രോഗ്രാമുകൾ നിർത്തലാക്കി, കൂടുതൽ ലളിതമായ യോഗ്യതകളുള്ള ഒരൊറ്റ പ്രോഗ്രാം കൊണ്ടുവരാനും ഉയർന്ന ശമ്പളമുള്ള ജോലിക്കാർക്ക് കൂടുതൽ സി.ആർ.എസ് പോയിന്റുകൾ നൽകുന്ന രീതിയിൽ സ്കോറിംഗ് സിസ്റ്റം പരിഷ്കരിക്കാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ചുരുക്കത്തിൽ, കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് വലിയ അവസരങ്ങളും അതോടൊപ്പം തന്നെ കടുത്ത യോഗ്യതാ മാനദണ്ഡങ്ങളുമാണ് പുതിയ മന്ത്രിയുടെ ഒന്നാം വാർഷികത്തിൽ രാജ്യം മുന്നോട്ട് വെയ്ക്കുന്നത്.
What are the changes in Canada's immigration laws in one year? Find out in detail
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










