ചെന്നൈ: തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ നിർമാതാവും സംവിധായകനുമായ കെ. രാജൻ (85) അന്തരിച്ചു. ചെന്നൈയിലെ അഡയാർ നദിയിൽ ചാടി അദ്ദേഹം ജീവനൊടുക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് നദിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ ചെന്നൈ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടൻ പ്രഭുകാന്ത് മകനാണ്. രാജന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം.
സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് നാല് പതിറ്റാണ്ടിലേറെക്കാലം സജീവ സാന്നിധ്യമായിരുന്നു കെ. രാജൻ. 1983-ൽ പുറത്തിറങ്ങിയ ‘ബ്രഹ്മചാരിഗൾ’ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് ചുവടുവെക്കുന്നത്. ‘ഗണേഷ് സിനി ആർട്സ്’ എന്ന ബാനറിൽ നിരവധി ചിത്രങ്ങൾ നിർമിച്ച അദ്ദേഹം സംവിധാനത്തിലും തന്റെ മുദ്ര പതിപ്പിച്ചു. 1991-ൽ ശരത് കുമാറും നിഴൽഗൾ രവിയും പ്രധാന വേഷങ്ങളിലെത്തിയ ‘നമ്മ ഊരു മറിയാമ്മ’, കൂടാതെ ‘ഉണർച്ചിഗൾ’ എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തവയാണ്. സിനിമക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം 2000-ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അടുത്ത കാലത്തായി യുട്യൂബ് ചാനലുകളിലും പൊതുവേദികളിലും കെ. രാജൻ നടത്തിയ തുറന്നുപറച്ചിലുകൾ വലിയ ചർച്ചയായിരുന്നു. സിനിമയിലെ തെറ്റായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. നിർമാതാക്കൾ അനുഭവിക്കുന്ന കടുത്ത സാമ്പത്തിക ബാധ്യതകളെക്കുറിച്ചും, മുൻനിര താരങ്ങളുടെ അമിതമായ പ്രതിഫല വർധനവിനെക്കുറിച്ചും, സിനിമയിലെ ധൂർത്തിനെക്കുറിച്ചും അദ്ദേഹം വിരൽ ചൂണ്ടിയത് തമിഴ് സിനിമാ ലോകത്ത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
കെ. രാജന്റെ വിയോഗ വാർത്ത വിശ്വസിക്കാനാകുന്നില്ലെന്ന് തമിഴ് സിനിമാ ലോകത്തെ പ്രമുഖർ പ്രതികരിച്ചു. മരണവാർത്ത വലിയ ഞെട്ടലുണ്ടാക്കിയെന്നും, എന്തും മുഖത്തുനോക്കി തുറന്നു സംസാരിക്കുന്ന ഒരു നല്ല വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നും നടി ഖുഷ്ബു സുന്ദർ അനുശോചിച്ചു. തമിഴ് സിനിമാ വ്യവസായത്തിന് നികത്താനാകാത്ത വലിയൊരു നഷ്ടമാണിതെന്നും, നിർമാതാക്കളുടെ ശക്തമായ ശബ്ദമായിരുന്നു അദ്ദേഹമെന്നും നടൻ ശരത് കുമാർ പറഞ്ഞു.
Renowned Tamil Film Producer K. Rajan Dies by Suicide
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









