ഒട്ടാവ:ഓസ്‌ട്രേലിയൻ സംഗീതജ്ഞന് പണികൊടുത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള കാമുകിയുടെ പഴയ സോഷ്യൽ മീഡിയ പോസ്റ്റ്. ‘കെലി ഹോളിഡേ’ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത ഗായകൻ ആദം ഹൈഡിനെ കാനഡ-അമേരിക്ക അതിർത്തിയിൽ യുഎസ് അധികൃതർ തടഞ്ഞുവെച്ചു. ടൊറന്റോയിലെ സംഗീത പരിപാടിക്ക് ശേഷം ന്യൂയോർക്കിലെ ബ്രൂക്ലിനിലേക്ക് മടങ്ങാൻ ശ്രമിക്കവെയാണ് അദ്ദേഹത്തെ തടഞ്ഞത്. മതിയായ വിസ രേഖകൾ കൈവശമുണ്ടായിട്ടും മണിക്കൂറുകളോളം അദ്ദേഹത്തെ തടഞ്ഞുവെക്കുകയും അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്തു. ഇതോടെ തന്റെ നോർത്ത് അമേരിക്കൻ ടൂറിലെ അവസാന ഷോ ആദം റദ്ദാക്കി.
ഗായകന്റെ കാമുകിയും ഓസ്‌ട്രേലിയൻ മീഡിയ പേഴ്‌സണാലിറ്റിയുമായ ആബി ചാറ്റ്ഫീൽഡ് മുൻപ് പങ്കുവെച്ച ഒരു പോസ്റ്റാണ് ഈ പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം ഒരു വർഷം മുമ്പ് ഇൻസെൽ അക്രമങ്ങളെക്കുറിച്ചും മറ്റൊരു കൊലപാതക വാർത്തയെക്കുറിച്ചും പ്രതികരിക്കവെ ആബി പങ്കുവെച്ച ഒരു കുറിപ്പ് ട്രംപിനെ വധിക്കാനുള്ള ആഹ്വാനമായി തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഇത് വെറുമൊരു തമാശ മാത്രമായിരുന്നുവെന്നും തന്റെ വാക്കുകൾ ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ആബി ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. ആദം ഹൈഡ് ഈ പോസ്റ്റിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പ്രശസ്തമായ പെക്കിംഗ് ഡക്ക് എന്ന ഇലക്ട്രോണിക് മ്യൂസിക് ബാൻഡിലൂടെ ലോകപ്രശസ്തനായ ആദം ഹൈഡ്, നിലവിൽ കെലി ഹോളിഡേ എന്ന സോളോ പ്രോജക്റ്റുമായി മുന്നോട്ട് പോവുകയായിരുന്നു. അമേരിക്കൻ അധികൃതർ ഔദ്യോഗികമായി വിലക്കിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രസിഡന്റിനെതിരെയുള്ള പരാമർശങ്ങൾ സുരക്ഷാ ഏജൻസികൾ ഗൗരവമായി എടുത്തതാണ് പ്രവേശനം നിഷേധിക്കാൻ കാരണമെന്നാണ് നിഗമനം.
Australian musician detained at the U.S.-Canada border
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




