ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് വിജയ്. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപമുള്ള ടാസ്മാക് (TASMAC) ഔട്ട്ലെറ്റുകളാണ് അടിയന്തരമായി പൂട്ടുന്നത്. നിലവിൽ വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും 50 മീറ്റർ പരിധിയിലുള്ള ഷോപ്പുകൾ പാടില്ലെന്ന നിയമം ഭേദഗതി ചെയ്ത് ദൂരപരിധി 500 മീറ്ററായി ഉയർത്തിയാണ് മുഖ്യമന്ത്രിയുടെ ഈ നിർണ്ണായക ഉത്തരവ്. രണ്ടാഴ്ചയ്ക്കകം ഈ ഔട്ട്ലെറ്റുകൾ പൂട്ടണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തമിഴ്നാട്ടിലെ സ്ത്രീകൾ ഉന്നയിച്ച ഏറ്റവും വലിയ പരാതിയായിരുന്നു മദ്യത്തിന്റെ അമിതമായ ലഭ്യത. സ്കൂൾ വിദ്യാർത്ഥികൾക്ക് പോലും മദ്യം എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പൊതുജനം വിജയ്‍യോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡുകൾക്ക് അടുത്തുള്ള 255 എന്നിങ്ങനെ ആകെ 717 കേന്ദ്രങ്ങൾ പൂട്ടാൻ തീരുമാനിച്ചത്. ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്നതും നിശ്ചിത സമയപരിധി പാലിക്കാത്തതുമായ ഔട്ട്ലെറ്റുകൾക്കെതിരെയും കർശന നടപടിയുണ്ടാകും.
ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തിന് (TVK) 118 എം.എൽ.എമാരുടെ പിന്തുണ ഉറപ്പായതോടെയാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ വിജയ്‍യെ ക്ഷണിച്ചത്. കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വി.സി.കെ, മുസ്ലിം ലീഗ് എന്നിവരുടെ പിന്തുണയോടെയാണ് വിജയ് ഭരണത്തിലേറിയത്. മെയ് 13-നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണറുടെ നിർദ്ദേശം. ഇതിനായുള്ള വിശ്വാസ വോട്ടെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ മദ്യശാലകളുടെ കണക്കെടുക്കാൻ വിജയ് രഹസ്യ നിർദ്ദേശം നൽകിയിരുന്നതായും സൂചനയുണ്ട്.
സംസ്ഥാനത്ത് പുതിയ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും. ടിവികെ സ്ഥാനാർത്ഥിയായി ചെന്നൈ തൗസൻഡ് ലൈറ്റ്സ് എം.എൽ.എ ജെ.സി.ഡി പ്രഭാകറിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ സർക്കാരിന് മുന്നിൽ നിർണ്ണായകമാണ്. എസ്.പി. വേലുമണിയെ കക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗവും എടപ്പാടി പളനിസ്വാമിയെ പിന്തുണച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയത് സഭയിലെ നടപടികളെ ബാധിച്ചേക്കാം. സ്പീക്കർ ഇന്ന് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയേക്കും.
Action immediately after taking office; Chief Minister Vijay orders to close 717 liquor shops in Tamil Nadu!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



