ഒട്ടാവ: ആമസോണിന്റെ കനേഡിയൻ വെബ്സൈറ്റ് വഴി വിറ്റഴിച്ച കുഞ്ഞുങ്ങൾക്കായുള്ള ‘സെൽഫ് ഫീഡിംഗ്’ (Infant self-feeding devices) ഉപകരണങ്ങൾ അവരുടെ ജീവന് തന്നെ ഗുരുതരമായ ഭീഷണിയാണെന്ന് ഹെൽത്ത് കാനഡയുടെ മുന്നറിയിപ്പ്. ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളിൽ ശ്വാസതടസ്സത്തിനും മരണത്തിനും വരെ കാരണമായേക്കാമെന്നും, വാങ്ങിയവർ ഇത് ഉടൻ ഉപയോഗിക്കുന്നത് നിർത്തണമെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. ചൈനീസ് നിർമ്മിതമായ ഈ ഉൽപ്പന്നങ്ങൾ ഉപയോഗശൂന്യമായി കളയാനാണ് (Discard) അധികൃതർ നൽകിയിരിക്കുന്ന കർശന നിർദ്ദേശം.
കുപ്പികൾ പ്രത്യേക രീതിയിൽ ഉറപ്പിച്ചുനിർത്തി കുഞ്ഞുങ്ങൾക്ക് സ്വയം പാൽ കുടിക്കാൻ സഹായിക്കുന്നവയാണ് ഈ ഉപകരണങ്ങൾ. എന്നാൽ, കുഞ്ഞുങ്ങൾക്ക് പാലിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ കഴിയാതെ വരുന്നത് ശ്വാസകോശത്തിലേക്ക് ദ്രാവകം എത്തുന്നതിനും (Aspiration) ശ്വാസം മുട്ടുന്നതിനും ഇടയാക്കും. ‘കാനഡ കൺസ്യൂമർ പ്രോഡക്റ്റ് സേഫ്റ്റി ആക്ട്’ പ്രകാരം ഇത്തരം ഉപകരണങ്ങൾ രാജ്യത്ത് നേരത്തെ തന്നെ നിരോധിച്ചതാണ്. ഇവ വിൽക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ പരസ്യം ചെയ്യുന്നതോ നിയമവിരുദ്ധമാണെന്ന് ഗവൺമെന്റ് വ്യക്തമാക്കി.
കാനഡയിൽ ആമസോൺ വഴി ഏകദേശം 545 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോർട്ട്. താഴെ പറയുന്ന ASIN (Amazon Standard Identification Number) നമ്പറുകളിലുള്ള ഉൽപ്പന്നങ്ങളാണ് പ്രധാനമായും പിൻവലിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്:
Bottle Holder for Self Feeding (B0FTG6PND1)
Adjustable Feeding Pillow and Plush Bottle Support (B0G6X7N21T, B0G66HM4P2)
Feeding Pillow for Newborns (B0FP4MTKW1)
Bottle Holder Pillow (B0FXGPT354)
കുഞ്ഞുങ്ങൾക്ക് മുലപ്പാലോ കുപ്പിപ്പാലോ നൽകുന്നത് മുതിർന്നവരുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കണമെന്ന് ഹെൽത്ത് കാനഡയും മെഡിക്കൽ അസോസിയേഷനുകളും ഓർമ്മിപ്പിക്കുന്നു. കൃത്യമായ ഇടവേളകളിൽ കുഞ്ഞുങ്ങളെ തട്ടി തടവി ഗ്യാസ് പുറത്തുകളയേണ്ടത് (Burping) അത്യാവശ്യമാണ്. കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ചെറിയ രീതിയിൽ പുറത്തേക്ക് തുപ്പുന്നത് സ്വാഭാവികമാണെന്നും, സെൽഫ് ഫീഡിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഇത് തടസ്സപ്പെടുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച പുറത്തിറക്കിയ ഈ മുന്നറിയിപ്പ് പ്രകാരം നിലവിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് നടപടി. ചൈനയിൽ നിന്നുള്ള ഇത്തരം ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വാങ്ങുമ്പോൾ ഉപഭോക്താക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
source ; https://www.ctvnews.ca/health/article/health-canada-warns-against-using-these-infant-self-feeding-devices/
Do you own these 'baby feeders' sold through Amazon?
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




