കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ ടർക്കിഷ് എയർലൈൻസ് വിമാനം ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയും തീപിടുത്തമുണ്ടാകുകയുമായിരുന്നു. ഇസ്താംബൂളിൽ നിന്നും എത്തിയ ടി കെ 726 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗ് സമയത്ത് വിമാനത്തിന്റെ വലതുവശത്തെ ലാൻഡിംഗ് ഗിയറിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി.
തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിമാനത്തിലെ എമർജൻസി എക്സിറ്റുകൾ തുറക്കുകയും യാത്രക്കാരെയും ജീവനക്കാരെയും വേഗത്തിൽ പുറത്തെത്തിക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വിമാനത്താവളത്തിലെ അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.
റൺവേയിൽ വിമാനം തൊട്ട നിമിഷം തന്നെ വലതുഭാഗത്തെ ടയറുകൾക്ക് തീപിടിക്കുകയായിരുന്നു. കുപ്രസിദ്ധമായ ത്രിഭുവൻ വിമാനത്താവളത്തിലെ ഈ സംഭവം വിമാനത്താവളത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ വീണ്ടും ചർച്ചയാക്കിയിട്ടുണ്ട്. ടയർ പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെങ്കിലും സാങ്കേതിക തകരാറാണോ എന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ റൺവേ കുറച്ചുസമയത്തേക്ക് അടച്ചിടുകയും മറ്റ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.
Turkish plane’s tire bursts while landing in Kathmandu; all 278 passengers miraculously survive
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



