ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഭീതി വിട്ടുമാറാതെ ഭീകരസംഘടനകൾ. ആകാശം പിളർന്ന് തീമഴ പെയ്ത രാത്രിയെന്നാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരർ അന്നത്തെ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് ജെയ്‌ഷെ ഭീകരർ ഇന്ത്യൻ സൈനിക നീക്കം തങ്ങളെ എത്രത്തോളം തളർത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവൽപൂരിലെ മസ്ജിദ് സുബ്ഹാനള്ളാഹ് ഉൾപ്പെടെയുള്ള മൂന്ന് പ്രധാന കേന്ദ്രങ്ങൾ ഇന്ത്യൻ ആക്രമണത്തിൽ തകർന്നിരുന്നു. മുകളിൽ നിന്ന് തീമഴ പെയ്യുന്നത് പോലെയാണ് അന്ന് അനുഭവപ്പെട്ടതെന്നും വലിയ സ്ഫോടനങ്ങളാണ് നടന്നതെന്നും ഭീകരർ പങ്കുവെച്ച കുറിപ്പുകളിൽ പറയുന്നു. മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ പ്രമുഖ ഭീകരർ കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷം ജെയ്‌ഷെ മുഹമ്മദിന്റെ നട്ടെല്ലൊടിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര പരിശീലന കേന്ദ്രങ്ങളെയും റിക്രൂട്ട്‌മെന്റ് സെന്ററുകളെയും ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യയുടെ നീക്കം. ഇന്ത്യൻ വ്യോമാക്രമണത്തിൽ തങ്ങളുടെ കോട്ടകൾ തകർന്നതായി ഭീകരർ സമ്മതിക്കുന്നുണ്ടെങ്കിലും, പുതിയ കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണെന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ അവകാശപ്പെടുന്നു. ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ഫലമായാണ് ഓപ്പറേഷൻ സിന്ദൂർ ചരിത്രത്തിൽ ഇടംപിടിച്ചത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
India destroyed the backbone of terrorism that day; Pakistani terrorists remain unmoved by the wounds inflicted by 'Operation Sindoor'




