ചെന്നൈ; വിജയ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഡിഎംകെ – അണ്ണാഡിഎംകെ കുത്തക ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് സിനിമയെ വെല്ലുന്ന രാഷ്ട്രീയ നീക്കങ്ങളിലൂടെ വിജയ് ഭരണസാരഥ്യത്തിലേക്ക് എത്തുന്നത്.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുടെ സാന്നിധ്യം ചടങ്ങിന്റെ മാറ്റുകൂട്ടും. വിജയ്യോടൊപ്പം ഒൻപത് മന്ത്രിമാരും ഇന്ന് ചുമതലയേൽക്കുന്നുണ്ട്. ഇതിൽ 1967-ന് ശേഷം ആദ്യമായി തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്ന കോൺഗ്രസിൽ നിന്നുള്ള രണ്ട് പ്രതിനിധികളും ഉൾപ്പെടുന്നു. സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ എന്നീ പാർട്ടികളുടെ പിന്തുണയോടെ 120 അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് ടിവികെ സർക്കാർ രൂപീകരിക്കുന്നത്.
ഏറെ നിർണ്ണായകമായ ആഭ്യന്തരം, പോലീസ്, പൊതുഭരണം എന്നീ വകുപ്പുകൾ വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. പുതിയ സർക്കാരിന് വഴിയൊരുക്കി സ്ഥാനമൊഴിഞ്ഞ എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമിയും വിജയ്ക്ക് ആശംസകൾ നേർന്നു കഴിഞ്ഞു. ബുധനാഴ്ചയ്ക്കകം സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വിജയ് ഭരണം സുരക്ഷിതമാണ്. ദ്രാവിഡ രാഷ്ട്രീയത്തിന് അപ്പുറം ഒരു മാറ്റം ആഗ്രഹിച്ച തമിഴകത്തിന് ഇനി പുത്തൻ ഭരണകാലം.
Vijay Takes Oath as Tamil Nadu Chief Minister
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




