ചെന്നൈ: നാടകീയ നീക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ തമിഴ്‌നാട്ടിൽ ഭരണമാറ്റം. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സഖ്യകക്ഷികളുടെ പിന്തുണയോടെ അധികാരത്തിലേക്ക്. കോൺഗ്രസ്, ഇടതുകക്ഷികൾ എന്നിവരടങ്ങുന്ന വിശാല സഖ്യത്തിന്റെ പിന്തുണക്കത്ത് ഗവർണർക്ക് കൈമാറി. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ, 120 പേരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിക്കുന്നത്. നാളെ രാവിലെ 11 മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും.
കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ടായിരുന്നത് ടിവികെയെ പ്രതിസന്ധിയിലാക്കിയിരുന്നു. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച വിജയ് ഉൾപ്പെടെ 113 എംഎൽഎമാരുടെ പിന്തുണ മാത്രമായിരുന്നു വ്യാഴാഴ്ച വരെ പാർട്ടിക്കുണ്ടായിരുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വിജയ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചെങ്കിലും വ്യക്തമായ ഭൂരിപക്ഷമില്ലെന്ന കാരണത്താൽ ഗവർണർ അത് തള്ളുകയായിരുന്നു. തുടർന്ന് നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് പ്രതിപക്ഷ നിരയിലെ പ്രമുഖ കക്ഷികൾ വിജയ്‍യെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്.
അവസാന നിമിഷം കോൺഗ്രസും ഇടതുകക്ഷികളും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ വഴിത്തിരിവുണ്ടായത്. കോൺഗ്രസ് (5), മുസ്‌ലിം ലീഗ് (2), സിപിഎം (2), സിപിഐ (2), വിടുതലൈ ചിരുതൈകൾ കക്ഷി (2) എന്നിങ്ങനെ 13 എംഎൽഎമാർ ടിവികെയ്ക്ക് പിന്തുണ നൽകി. ഇതോടെ ടിവികെ സഖ്യത്തിന്റെ ആകെ അംഗസംഖ്യം 120 ആയി ഉയർന്നു. ഇന്ന് വൈകീട്ട് ഗവർണറെ നേരിൽ കണ്ട് പിന്തുണയറിയിച്ച കത്തുകൾ കൈമാറിയതോടെ സർക്കാർ രൂപീകരിക്കാനുള്ള ക്ഷണവും വിജയ് നേടി.
വിജയ് അധികാരത്തിലേക്ക് എന്ന വാർത്ത പുറത്തുവന്നതോടെ തമിഴക വെട്രി കഴകം ആസ്ഥാനത്തും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പ്രവർത്തകർ വൻ ആഘോഷം തുടങ്ങി. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ വിജയ് ആദ്യ അങ്കത്തിൽ തന്നെ അധികാരം പിടിക്കുന്നത് തമിഴ് രാഷ്ട്രീയ ചരിത്രത്തിലെ പുതിയ അധ്യായമായാണ് വിലയിരുത്തപ്പെടുന്നത്.
നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കുമെന്നാണ് വിവരം. സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള നടപടികൾ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നടക്കും.
Vijay comes to power with a majority of 120 seats, oath-taking tomorrow
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




