ഒട്ടാവ: കാനഡയിൽ ജോലി ചെയ്യുന്ന താൽക്കാലിക താമസക്കാരെ സ്ഥിരതാമസക്കാരാക്കി മാറ്റുന്നതിനുള്ള പുതിയ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഫെഡറൽ ഗവൺമെന്റ് പുറത്തുവിട്ടു. 2025 നവംബറിലെ ബജറ്റിൽ പ്രഖ്യാപിച്ച ‘ഇൻ-കാനഡ വർക്കേഴ്സ് ഇനിഷ്യേറ്റീവ്’പ്രകാരം 33,000 പേർക്ക് സ്ഥിരതാമസം നൽകാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിന് പകരം, നിലവിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ നടപടികൾ വേഗത്തിലാക്കുക മാത്രമാണ് ഈ പദ്ധതിയിലൂടെ ഇപ്പോൾ ചെയ്യുന്നത്.
2026 മെയ് 4-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP), അറ്റ്‌ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP), അഗ്രി-ഫുഡ് പൈലറ്റ്, കെയർഗിവർ പൈലറ്റ് തുടങ്ങിയ നിലവിലുള്ള പദ്ധതികൾ വഴി ഇതിനോടകം അപേക്ഷ സമർപ്പിച്ച വർക്ക് പെർമിറ്റ് ഉടമകൾക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക. അപേക്ഷകർ കാനഡയിലെ ചെറിയ കമ്മ്യൂണിറ്റികളിൽ (Smaller Communities) കുറഞ്ഞത് രണ്ട് വർഷമെങ്കിലും താമസിച്ചവരായിരിക്കണം എന്ന കർശന നിബന്ധനയും സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്.
2021-ലെ ‘TR-to-PR’ പാതയ്ക്ക് സമാനമായ പുതിയൊരു താൽക്കാലിക വിൻഡോ സർക്കാർ തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് വിദേശ തൊഴിലാളികൾക്ക് പുതിയ നീക്കം വലിയ തിരിച്ചടിയാണ്. നഗരപ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരെ ഈ പദ്ധതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിൽ താമസിച്ച് നികുതി അടയ്ക്കുകയും നിർദ്ദിഷ്ട തൊഴിൽ മേഖലകളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് മാത്രമായിരിക്കും മുൻഗണനയെന്ന് ഇമിഗ്രേഷൻ മന്ത്രി ലീന ഡിയാബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
2026-ൽ ആകെ 20,000 പേർക്ക് സ്ഥിരതാമസം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ 3,600 പേരുടെ അപേക്ഷാ നടപടികൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. പദ്ധതിയുടെ പുരോഗതി ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ തത്സമയം ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. എങ്കിലും, പുതിയൊരു അപേക്ഷാ പാത തുറക്കാത്തത് നിലവിൽ വർക്ക് പെർമിറ്റിൽ കാനഡയിലുള്ള ഇന്ത്യക്കാരടക്കമുള്ള വലിയൊരു വിഭാഗം പ്രവാസികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
Canada PR: Who is eligible? Federal government releases requirements
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




