വാഷിംഗ്ടൺ: അന്താരാഷ്ട്ര വിപണിയിലെ അമിതമായ ഇന്ധനവില വർധനയെത്തുടർന്ന് പ്രമുഖ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് സർവീസുകൾ അവസാനിപ്പിച്ചു. ശനിയാഴ്ചയോടെ കമ്പനിയുടെ സിഗ്നേച്ചർ മഞ്ഞ വിമാനങ്ങൾ ആകാശത്തുനിന്ന് അപ്രത്യക്ഷമായി. മാസങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്കൊടുവിലാണ് സ്പിരിറ്റ് എയർലൈൻസ് ഈ കടുത്ത തീരുമാനമെടുത്തത്. ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ എണ്ണവില വർധനയാണ് കമ്പനിയുടെ തകർച്ചയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പിരിറ്റ് എയർലൈൻസിന്റെ പതനം ആഗോളതലത്തിൽ വലിയ ആശങ്കകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. കാനഡയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്. എയർ കാനഡ ആറ് ആഭ്യന്തര-അന്തർദേശീയ റൂട്ടുകൾ താൽക്കാലികമായി റദ്ദാക്കി.
വെസ്റ്റ് ജെറ്റ്, ട്രാൻസാറ്റ് തുടങ്ങിയ പ്രമുഖ കമ്പനികളും തങ്ങളുടെ സർവീസുകളിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. എണ്ണ ശുദ്ധീകരണ ശാലകൾ സ്വന്തമായുള്ളത് കാനഡയ്ക്ക് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും വിമാന ഇന്ധനത്തിന്റെ ദൗർലഭ്യം വരും മാസങ്ങളിൽ പ്രതിസന്ധി രൂക്ഷമാക്കാനാണ് സാധ്യത.
ഇറാൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ വരും മാസങ്ങളിൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കപ്പെട്ടേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള ദീർഘദൂര സർവീസുകളെയാണ് ഇന്ധനക്ഷാമം ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് മക്ഗിൽ സർവകലാശാലയിലെ പ്രൊഫസർ കാൾ മൂർ വ്യക്തമാക്കുന്നു. യുദ്ധം അവസാനിച്ചാൽ പോലും ഇന്ധന നീക്കവും വിതരണ ശൃംഖലയും സാധാരണ നിലയിലാകാൻ മാസങ്ങൾ എടുത്തേക്കാം. ചുരുങ്ങിയത് നാല് മുതൽ ആറ് മാസം വരെ വിമാനയാത്രക്കാർക്ക് ദുഷ്കരമായ കാലമായിരിക്കുമെന്നാണ് വിലയിരുത്തൽ.
വിമാനം റദ്ദാക്കുന്നത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. എന്നാൽ നിയമപരമായി യാത്രക്കാർക്ക് ചില അവകാശങ്ങളുണ്ടെന്ന് ‘എയർ പാസഞ്ചർ റൈറ്റ്‌സ്’ പ്രസിഡന്റ് ഗാബോർ ലൂക്കാസ് ചൂണ്ടിക്കാട്ടുന്നു. കമ്പനി ടിക്കറ്റ് നൽകുന്നത് യാത്രക്കാരനുമായിട്ടുള്ള ഒരു കരാറാണ്. ഇന്ധനവില വർധനവ് കമ്പനിയുടെ സാമ്പത്തിക റിസ്ക് മാത്രമാണ്. വിമാനം റദ്ദാക്കുകയാണെങ്കിൽ ടിക്കറ്റ് തുക തിരികെ നൽകാനോ അല്ലെങ്കിൽ മറ്റൊരു വിമാനത്തിൽ യാത്ര സൗകര്യം ഒരുക്കാനോ കമ്പനി ബാധ്യസ്ഥരാണ്.
സാമ്പത്തിക കാരണങ്ങളാലാണ് വിമാനം റദ്ദാക്കുന്നതെങ്കിൽ യാത്രക്കാരന്റെ താമസം, ഭക്ഷണം, അതുമൂലമുണ്ടാകുന്ന മറ്റ് നഷ്ടങ്ങൾ എന്നിവയ്ക്കും പരിഹാരം കാണാൻ കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ട്. ഇറാൻ യുദ്ധവും തുടർന്നുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ആഗോള വ്യോമയാന മേഖലയെ അനിശ്ചിതത്വത്തിലാക്കുമ്പോൾ, വരും ദിവസങ്ങളിൽ വിമാന യാത്ര ആസൂത്രണം ചെയ്യുന്നവർ കൃത്യമായ വിവരങ്ങൾ ശേഖരിക്കേണ്ടത് അത്യാവശ്യമാണ്. സ്പിരിറ്റ് എയർലൈൻസിന്റെ പതനം ഒരു തുടക്കം മാത്രമാണോ എന്ന ആശങ്കയിലാണ് ഇപ്പോൾ ടൂറിസം-യാത്ര മേഖലകൾ.
No more 'Spirit' in American skies!; Fuel prices hit hard; Global aviation sector faces severe crisis
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




