മോൺട്രിയൽ: ക്യുബെക് പ്രവിശ്യയിൽ കുറഞ്ഞ വേതന നിരക്ക് വർധിപ്പിച്ചു. ഇന്നു മുതൽ (മെയ് 1) പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കരണ പ്രകാരം കുറഞ്ഞ വേതനം മണിക്കൂറിന് 16.60 ഡോളറായി ഉയർന്നു.
കഴിഞ്ഞ ജനുവരിയിൽ സർക്കാർ പ്രഖ്യാപിച്ച 50 സെന്റ് വർധനവാണ് ഇന്നു മുതൽ നടപ്പിലായിരിക്കുന്നത്. പ്രവിശ്യയിലെ ഏകദേശം 2,58,900 തൊഴിലാളികൾക്ക് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. വേതനത്തിൽ 3.11 ശതമാനത്തിന്റെ വർധനവാണ് ഇതോടെ രേഖപ്പെടുത്തിയിരിക്കുന്നത്. ടിപ്പുകൾ വരുമാനമായി ലഭിക്കുന്ന ബാർടെൻഡർമാർ, റസ്റ്റോറന്റ് ജീവനക്കാർ തുടങ്ങിയവരുടെ കുറഞ്ഞ വേതനത്തിലും മാറ്റം വന്നിട്ടുണ്ട്. ഇവർക്ക് ഇനി മുതൽ മണിക്കൂറിന് 13.30 ഡോളർ വേതനമായി ലഭിക്കും.
കാനഡയിലെ മറ്റ് പ്രവിശ്യകളുമായി താരതമ്യം ചെയ്യുമ്പോൾ ക്യുബെക്കിലെ വേതന നിരക്ക് നിലവിൽ മധ്യനിരയിലാണുള്ളത്. നിലവിൽ നുനാവുട്ടിലാണ് ഏറ്റവും ഉയർന്ന നിരക്കുള്ളത് (19.75 ഡോളർ). ആൽബർട്ടയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് (15 ഡോളർ).
വേതന വർധനവ് നിലവിൽ വന്നുവെങ്കിലും, മോൺട്രിയൽ പോലുള്ള നഗരങ്ങളിൽ വർധിച്ചുവരുന്ന ജീവിതച്ചെലവ് കണക്കിലെടുക്കുമ്പോൾ ഈ തുക അപര്യാപ്തമാണെന്നാണ് സാമൂഹ്യ-സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഐ.ആർ.ഐ.എസ് (IRIS) വ്യക്തമാക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Quebec raises minimum wage; new rate effective today




