സെന്റ് ജോൺസ്: കാനഡയിലെ ഊർജ്ജ മേഖലയിൽ നിർണ്ണായകമായ ക്യൂബെക് – ന്യൂഫൗണ്ട്ലാൻഡ് ജലവൈദ്യുത കരാറിന്റെ കരട് രേഖയുടെ കാലാവധി അവസാനിച്ചു. 2024-ൽ മുൻ ലിബറൽ സർക്കാർ പ്രഖ്യാപിച്ച താൽക്കാലിക കരാറാണ് സാങ്കേതികമായി നിലച്ചത്. എന്നാൽ കാലാവധി അവസാനിച്ചെങ്കിലും ചർച്ചകൾ തുടരാൻ തന്നെയാണ് ഇരു പ്രവിശ്യകളുടെയും തീരുമാനമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
കരാറിലെ വ്യവസ്ഥകൾ പുനപരിശോധിക്കാൻ ന്യൂഫൗണ്ട്ലാൻഡ് പ്രീമിയർ ടോണി വേക്കാം നിയോഗിച്ച വിദഗ്ധ സമിതി തങ്ങളുടെ റിപ്പോർട്ട് സമർപ്പിച്ചു. മുൻ സർക്കാർ അംഗീകരിച്ച കരട് കരാറിലെ ഗുണദോഷങ്ങൾ വിലയിരുത്തിയ ശേഷമാണ് സമിതി റിപ്പോർട്ട് കൈമാറിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വരും ദിവസങ്ങളിൽ ക്യൂബെക്കുമായുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുകയെന്ന് പ്രീമിയർ ടോണി വേക്കാം വ്യക്തമാക്കി. തങ്ങളുടെ പ്രവിശ്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന മികച്ചൊരു കരാറിലെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലബ്രഡോറിലെ ചർച്ചിൽ നദിയിൽ നിന്നുള്ള വൈദ്യുതിക്ക് ഹൈഡ്രോ-ക്യൂബെക് നൽകുന്ന തുക വർദ്ധിപ്പിക്കുക എന്നതായിരുന്നു പുതിയ കരാറിലെ പ്രധാന നിർദ്ദേശം. നിലവിൽ വളരെ കുറഞ്ഞ നിരക്കിലാണ് വൈദ്യുതി നൽകി വരുന്നത്. കൂടാതെ, ചർച്ചിൽ നദിയിലെ ജലവൈദ്യുത പദ്ധതിയുടെ ഉത്പാദന ശേഷി വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങളും കരട് രേഖയിലുണ്ടായിരുന്നു. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലബ്രഡോറിന്റെ സാമ്പത്തിക ഭദ്രതയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ളതാണ് ഈ പദ്ധതികൾ.
കരട് കരാറിന്റെ കാലാവധി കഴിഞ്ഞെങ്കിലും ചർച്ചകൾ തുടരുന്നതിൽ സാങ്കേതിക തടസ്സങ്ങളില്ലെന്ന് ഹൈഡ്രോ-ക്യൂബെക് വക്താക്കൾ പ്രതികരിച്ചു. ഇരുപക്ഷത്തിനും സ്വീകാര്യമായ അന്തിമ തീരുമാനത്തിലെത്താൻ ഇനിയും സമയമുണ്ടെന്നാണ് അവരുടെ നിലപാട്. വരും ആഴ്ചകളിൽ പ്രീമിയർ ടോണി വേക്കാം നേരിട്ട് നടത്തുന്ന ഇടപെടലുകൾ ഈ ഊർജ്ജ തർക്കത്തിന് പരിഹാരമാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
No compromise on electricity rate hike; Newfoundland to renegotiate
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




