വിന്നിപെഗ് : കുട്ടികൾ സോഷ്യൽ മീഡിയയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ടുകളും ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ പ്രഖ്യാപിച്ചു. കാനഡയിൽ ഇത്തരമൊരു നിയമം കൊണ്ടുവരുന്ന ആദ്യ പ്രവിശ്യയാണ് മാനിറ്റോബ. ശനിയാഴ്ച വിന്നിപെഗിൽ നടന്ന എൻഡിപി ഫണ്ട് ശേഖരണ ചടങ്ങിലായിരുന്നു പ്രീമിയറുടെ പ്രഖ്യാപനം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളെ അടിമകളാക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വാബ് കിന്യൂ കുറ്റപ്പെടുത്തി. കുട്ടികളിലെ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ഇത്തരം പ്ലാറ്റ്‌ഫോമുകൾ കാരണമാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയിലൂടെ ലാഭം കൊയ്യുന്ന കമ്പനികൾ കുട്ടികളെ വികലമായ മാനദണ്ഡങ്ങളിലേക്കും അനുചിതമായ ഉള്ളടക്കങ്ങളിലേക്കും നയിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിരോധനം നടപ്പിലാക്കുന്നതിനുള്ള പ്രായപരിധിയോ സമയക്രമമോ പ്രീമിയർ വ്യക്തമാക്കിയിട്ടില്ല. 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ച ഓസ്‌ട്രേലിയൻ നിയമത്തിന് പിന്നാലെയാണ് മാനിറ്റോബയുടെ ഈ നീക്കം. സോഷ്യൽ മീഡിയയ്ക്കൊപ്പം എഐ ചാറ്റ്ബോട്ടുകളെയും നിരോധനത്തിൽ ഉൾപ്പെടുത്തി എന്ന പ്രത്യേകതയും മാനിറ്റോബയുടെ പദ്ധതിക്കുണ്ട്. സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ഫെഡറൽ ഗവൺമെന്റിന്റെയും മറ്റ് പ്രവിശ്യകളുടെയും പരിഗണനയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Manitoba bans social media and AI chatbots for children; first in Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




