യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിയുതിർത്ത അക്രമിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്‌പ്പെടുത്തിയ അക്രമി നിലത്ത് കിടക്കുന്ന ചിത്രമാണ് റഷ്യൻ വാർത്താ ഏജൻസിയായ ആർടി എക്‌സിലൂടെ പങ്കുവെച്ചത്. ഷർട്ട് ധരിക്കാത്ത നിലയിലുള്ള പ്രതിയുടെ ശരീരത്തിന്റെ അടിഭാഗം ഒരു ഷീറ്റ് കൊണ്ട് മൂടിയതായാണ് ചിത്രത്തിൽ കാണുന്നത്. 31 വയസ്സുകാരനായ കോൾ തോമസ് അല്ലൻ ആണ് പിടിയിലായതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ശനിയാഴ്ച രാത്രി 8:40-ഓടെയാണ് വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ വെടിയൊച്ച കേട്ടത്. തോക്കുമായി എത്തിയ അക്രമി സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും വെടിയുതിർക്കുകയുമായിരുന്നു. ഇതോടെ വിരുന്നിനെത്തിയ പ്രമുഖ മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പരിഭ്രാന്തരായി മേശകൾക്കടിയിൽ ഒളിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ട്രംപിനെയും മെലാനിയയെയും സുരക്ഷിതമായി വേദിയിൽ നിന്നും മാറ്റുകയായിരുന്നു. പരിക്കേൽക്കാതെ രക്ഷപ്പെട്ട ട്രംപ് പിന്നീട് ട്രൂത്ത് സോഷ്യലിലൂടെ “വെടിവച്ചയാളെ പിടികൂടി” എന്ന് അറിയിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു.
അക്രമി നടത്തിയ വെടിവയ്പ്പിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് വെടിയേറ്റെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. ഏജന്റ് ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിലാണ് വെടിയുണ്ട പതിച്ചതെന്ന് എഫ്ബിഐ വ്യക്തമാക്കി. അക്രമിയിൽ നിന്ന് ഷോട്ട്ഗണും ഹാൻഡ്‌ഗണും കത്തികളും കണ്ടെത്തിയിട്ടുണ്ട്. പ്രതി ഇതേ ഹോട്ടലിൽ അതിഥിയായി താമസിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നതിനെക്കുറിച്ച് സീക്രട്ട് സർവീസും എഫ്ബിഐയും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.
Washington hotel shooting: Image of attacker released; Trump and Melania safe
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



