ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടാനിരുന്ന സ്വിസ് എയർ (LX 147) വിമാനത്തിന്റെ എൻജിനാണ് ടേക്ക് ഓഫിനിടെ തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെ റൺവേയിലൂടെ അതിവേഗത്തിൽ കുതിക്കുന്നതിനിടെ വിമാനത്തിന്റെ ഒരു എൻജിനിൽ തീ പടരുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ പൈലറ്റ് വിമാനം അടിയന്തരമായി റൺവേയിൽ നിർത്തിയതിനാൽ വൻ വിമാനദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. 4 കുട്ടികൾ ഉൾപ്പെടെ 232 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
എൻജിന് തീപിടിച്ചതോടെ യാത്രക്കാരെ അടിയന്തരമായി പുറത്തെത്തിക്കാനുള്ള നടപടികൾ ജീവനക്കാർ ആരംഭിച്ചു. എമർജൻസി സ്ലൈഡുകൾ വഴി യാത്രക്കാരെ താഴെയിറക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആറ് യാത്രക്കാർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ വിമാനത്താവളത്തിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിലെ ജീവനക്കാർ സുരക്ഷിതരാണെന്നും മറ്റ് യാത്രക്കാർക്ക് വലിയ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.
എൻജിനിലെ സാങ്കേതിക തകരാറോ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സ്വിസ് എയർ അറിയിച്ചു. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ 28-ാം നമ്പർ റൺവേ താൽക്കാലികമായി അടച്ചിടുകയും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് താമസസൗകര്യവും പകരം യാത്രാ സൗകര്യങ്ങളും എയർലൈൻ അധികൃതർ ഏർപ്പെടുത്തുകയും ചെയ്തു.
Swiss Air plane engine catches fire while skidding off runway; six injured
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



