ഒട്ടാവ: കാനഡ ഇമിഗ്രേഷൻ വിഭാഗം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ വിസ അപേക്ഷകളുടെ കെട്ടിക്കിടപ്പിൽ മൊത്തത്തിൽ കുറവുണ്ടായെങ്കിലും സ്ഥിരതാമസത്തിനായുള്ള അപേക്ഷകളുടെ എണ്ണം സർവ്വകാല റെക്കോർഡിലെത്തിയത് പുതിയ പ്രതിസന്ധിയാകുന്നു. ചരിത്രത്തിലാദ്യമായാണ് കാനഡയുടെ പിആർ ഇൻവെന്ററി പത്ത് ലക്ഷം എന്ന പരിധി കടക്കുന്നത്. ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം 1,007,400 സ്ഥിരതാമസ അപേക്ഷകളാണ് നിലവിൽ പ്രോസസ്സിംഗ് കാത്തുനിൽക്കുന്നത്.
അതേസമയം എക്സ്പ്രസ് എൻട്രി വഴി അപേക്ഷിച്ചവർക്ക് ഈ റിപ്പോർട്ട് വലിയ ആശ്വാസം നൽകുന്നുണ്ട്. ഈ വിഭാഗത്തിലെ ബാക്ക്‌ലോഗ് വെറും 11 ശതമാനമായി കുറഞ്ഞുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഭൂരിഭാഗം അപേക്ഷകളും ആറ് മുതൽ ഏഴ് മാസത്തിനുള്ളിൽ തീർപ്പാക്കാൻ ഇമിഗ്രേഷൻ വിഭാഗത്തിന് സാധിക്കുന്നുണ്ട്. എന്നാൽ ഫാമിലി സ്പോൺസർഷിപ്പ്, മറ്റ് പ്രൊവിൻഷ്യൽ പ്രോഗ്രാമുകൾ എന്നിവ വഴി അപേക്ഷിച്ചവർക്ക് തീരുമാനത്തിനായി ഇനിയും കൂടുതൽ കാലം കാത്തിരിക്കേണ്ടി വന്നേക്കാം.
താൽക്കാലിക വിസകളുടെ കാര്യത്തിൽ വലിയ പുരോഗതിയാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. സന്ദർശക വിസ, സ്റ്റഡി പെർമിറ്റ് തുടങ്ങിയ വിഭാഗങ്ങളിലെ ബാക്ക്‌ലോഗിൽ ഏകദേശം 50,000 എണ്ണത്തിന്റെ കുറവുണ്ടായി. സ്റ്റഡി പെർമിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും വർക്ക് പെർമിറ്റ് അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതുമാണ് ഈ മാറ്റത്തിന് കാരണമായത്. പൗരത്വത്തിനായുള്ള അപേക്ഷകളുടെ പ്രോസസ്സിംഗ് സമയം 12 മാസമായി കുറഞ്ഞതും അപേക്ഷകർക്ക് ആശ്വാസകരമാണ്. 2026-ൽ വരാനിരിക്കുന്ന പുതിയ ഇമിഗ്രേഷൻ പാതകൾ കൂടി തുറക്കുന്നതോടെ പിആർ വിഭാഗത്തിൽ തിരക്ക് ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
IRCC Backlog Falls Sharply, But PR Inventory Surges Past 1 Million




