കാൽഗറി: നഗരത്തിലെ വിവാദമായ ബ്ലാങ്കറ്റ് റീസോണിംഗ് നയം പിൻവലിക്കാനുള്ള കൗൺസിൽ തീരുമാനത്തിന് പിന്നാലെ, കാൽഗറിക്ക് ലഭിക്കേണ്ട ഫെഡറൽ ഭവന നിർമ്മാണ ഫണ്ട് മുടങ്ങില്ലെന്ന് കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ സ്ഥിരീകരിച്ചു. ഹൗസിംഗ് ആക്സിലറേറ്റർ ഫണ്ടിന്റെ മൂന്നാം ഗഡു നഗരത്തിന് ലഭിക്കുമെന്ന് മേയർ ജെറോമി ഫാർക്കസ് ബുധനാഴ്ച ഔദ്യോഗികമായി അറിയിച്ചു. ആകെ 251 ദശലക്ഷം ഡോളർ വരുന്ന സഹായ പദ്ധതിയിൽ നിലവിൽ ലഭിച്ച തുക സുരക്ഷിതമാണെന്നും അടുത്ത വർഷത്തെ അവസാന ഗഡുവിനായി കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്ലാങ്കറ്റ് സോണിംഗ് പിൻവലിച്ചതോടെ ഭവന നിർമ്മാണത്തിനുള്ള കേന്ദ്ര ഫണ്ട് നഷ്ടപ്പെടുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ നഗരം കാണിച്ച പുരോഗതിയും കൂടുതൽ പ്രായോഗികമായ പുതിയ ഭൂവിനിയോഗ നയം കൊണ്ടുവരുമെന്ന മേയറുടെ ഉറപ്പും പരിഗണിച്ചാണ് കേന്ദ്ര സർക്കാർ തുക അനുവദിക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റ് മാസത്തോടെ നിലവിലെ നയം പൂർണ്ണമായും മാറുകയും ലക്ഷക്കണക്കിന് പ്രോപ്പർട്ടികൾ സിംഗിൾ ഫാമിലി ഹോം സോണിംഗിലേക്ക് മടങ്ങുകയും ചെയ്യും.
തുടർന്ന് ടൗൺഹൗസുകളോ റോ ഹൗസുകളോ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ ഓരോന്നായി പബ്ലിക് ഹിയറിംഗിന് വിധേയമാകേണ്ടി വരും. വരും മാസങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ പാലിച്ചുകൊണ്ട് പുതിയൊരു ഭവന നയം വികസിപ്പിക്കാനാണ് നഗരസഭയുടെ നീക്കം. 2026 ഒക്ടോബറോടെ 42,667 പുതിയ വീടുകൾ നിർമ്മിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് കാൽഗറി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേന്ദ്ര ഫണ്ട് നിലനിർത്താൻ സാധിച്ചത് ഭവന പ്രതിസന്ധി നേരിടുന്ന നഗരത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Calgary to continue receiving federal housing funding despite blanket zoning repeal




