ടൊറന്റോ: വർധിച്ചുവരുന്ന ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിയന്ത്രണത്തിലുള്ള ‘പബ്ലിക് ഗ്രോസറി സ്റ്റോഴ്സ്’ തുടങ്ങാൻ ടൊറന്റോ നഗരസഭ ഒരുങ്ങുന്നു. അടുത്ത വസന്തകാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കാനഡയിൽ ഭക്ഷണസാധനങ്ങളുടെ വിലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 5.7 ശതമാനം വർധനവുണ്ടായ സാഹചര്യത്തിലാണ് നഗരസഭയുടെ ഈ ഇടപെടൽ. ന്യൂയോർക്ക് സിറ്റി നടപ്പിലാക്കിയ മാതൃകയിലാണ് ടൊറോന്റോയിലും പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് കടകളുടെ നിർമ്മാണച്ചെലവ്, വാടക, നികുതി എന്നിവ നഗരസഭ നേരിട്ട് വഹിക്കും. സർക്കാർ നൽകുന്ന ഈ സാമ്പത്തിക ഇളവുകൾ വഴി സാധനങ്ങളുടെ വില കുറയ്ക്കാനും അതിന്റെ ലാഭം നേരിട്ട് ഉപഭോക്താക്കൾക്ക് നൽകാനും കഴിയുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. കടകളുടെ ദൈനംദിന പ്രവർത്തനം സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനാണ് നിലവിലെ തീരുമാനം.
അതേസമയം, പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് സാമ്പത്തിക വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. വലിയ സൂപ്പർമാർക്കറ്റ് ശൃംഖലകളോട് മത്സരിക്കാൻ ഇത്തരം ചെറിയ കടകൾക്ക് പ്രായസമായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വൻകിട കമ്പനികൾക്ക് ലഭിക്കുന്ന വിതരണ ശൃംഖലയോ വിലക്കുറവോ സർക്കാർ കടകൾക്ക് ലഭിക്കണമെന്നില്ല. വലിയ തോതിൽ പണം ചിലവാക്കുന്നതിന് പകരം, അർഹരായവർക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകുന്നതാണ് ഗുണകരമാവുക എന്ന വാദവും ഉയരുന്നുണ്ട്. എങ്കിലും ഭക്ഷണവിലക്കയറ്റത്തിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസം നൽകാൻ ഈ പരീക്ഷണ പദ്ധതിക്ക് കഴിയുമെന്നാണ് നഗരസഭയുടെ വിശ്വാസം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Public Grocery'; Toronto City Council launches pilot project to curb price hikes




