ടെഹ്‌റാൻ: ഇറാന്റെ ആണവ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് മറുപടിയായി ടെഹ്‌റാനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിലും അവകാശങ്ങളിലും ഇടപെടാൻ അമേരിക്കയ്ക്ക് അധികാരമില്ലെന്നും, തങ്ങളുടെ ആണവ പദ്ധതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യാന്തര സമ്മർദ്ദങ്ങൾക്ക് വഴങ്ങി പിന്നോട്ട് പോകില്ലെന്നും പ്രസിഡന്റ് പറഞ്ഞു. രാജ്യം സ്വയം പ്രതിരോധിക്കുമെന്നും നിലവിലെ പ്രതിസന്ധികൾ ബഹുമാനപൂർവ്വമായ ചർച്ചകളിലൂടെ അവസാനിപ്പിക്കാനാണ് താല്പര്യമെന്നും പെഷേഷ്കിയൻ വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നും ആണവായുധങ്ങൾ വികസിപ്പിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് ഇറാനിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വിദേശകാര്യ മന്ത്രാലയം ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിക്കുമ്പോൾ തന്നെ, അമേരിക്കയുടെ ഇടപെടലുകളെ കടുത്ത ഭാഷയിലാണ് റെവല്യൂഷണറി ഗാർഡുകൾ വിമർശിക്കുന്നത്. വരും ദിവസങ്ങളിൽ അമേരിക്കയും ഇറാനും തമ്മിൽ പുതിയ ഘട്ട ചർച്ചകൾ നടക്കാനിരിക്കെ, പെഷേഷ്കിയന്റെ ഈ നിലപാട് ഏറെ പ്രാധാന്യത്തോടാണ് ലോകം ഉറ്റുനോക്കുന്നത് .
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Don't interfere in internal affairs, won't bow to American pressure'; Iranian President's response to Trump




