ഒട്ടാവ: കാനഡയിൽ താൽക്കാലിക വിസയിൽ ജോലി ചെയ്യുന്നവർക്ക് സ്ഥിരതാമസം ലഭിക്കുന്നതിനായുള്ള ‘TR to PR’ പദ്ധതിയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ പുറത്ത്. 2026-27 കാലയളവിൽ ഏകദേശം 33,000 പേർക്ക് ഈ പദ്ധതിയിലൂടെ സ്ഥിരതാമസം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്ലെജ് ദിയാബ് അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് പുതിയ ‘ടി.ആർ ടു പി.ആർ’ (TR to PR) പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
കാനഡയിൽ നിലവിൽ ജോലി ചെയ്യുന്നവർക്കും നികുതി അടച്ച് സമൂഹത്തിന്റെ ഭാഗമായവർക്കും പി.ആർ നടപടികളിൽ മുൻഗണന ലഭിക്കും. താൽക്കാലിക വിസയിൽ രാജ്യത്തെത്തി തൊഴിൽ നൈപുണ്യം തെളിയിച്ചവരെ സ്ഥിരതാമസക്കാരാക്കി മാറ്റുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. പ്രധാന നഗരങ്ങളായ ടൊറന്റോ, വാൻകൂവർ, മോൺട്രിയൽ എന്നിവയ്ക്ക് പുറത്തുള്ള ഗ്രാമീണ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഈ പുതിയ പദ്ധതി വലിയ ആശ്വാസമാകും.
എണ്ണത്തേക്കാൾ ഉപരിയായി കുടിയേറ്റത്തിന്റെ ഗുണനിലവാരത്തിനാണ് (Quality over Quantity) ഇനി രാജ്യം പ്രാധാന്യം നൽകുന്നത്. ഇതിന്റെ ഭാഗമായി എക്സ്പ്രസ് എൻട്രി വിഭാഗത്തിൽ സീനിയർ മാനേജർമാർ, ഗവേഷകർ തുടങ്ങിയവർക്കായി പുതിയ കാറ്റഗറികൾ ഉൾപ്പെടുത്തി. താൽക്കാലിക താമസക്കാരുടെ എണ്ണം പരിമിതപ്പെടുത്തി രാജ്യത്തെ ഭവനക്ഷാമം, വാടക വർദ്ധനവ് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
അഭയാർത്ഥി പദവി (Asylum) ദുരുപയോഗം ചെയ്ത് സ്ഥിരതാമസം നേടാൻ ശ്രമിക്കുന്നവർക്കെതിരെയും മന്ത്രി കർശന മുന്നറിയിപ്പ് നൽകി. നിയമപരമായ വഴികളിലൂടെ അല്ലാതെ കുടിയേറ്റത്തിന് ശ്രമിക്കുന്നവരെ നാടുകടത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്നും മന്ത്രി അറിയിച്ചു. വിസ നിയമങ്ങൾ കർശനമാക്കിയതോടെ രാജ്യത്തെ അഭയാർത്ഥി അപേക്ഷകളിൽ 33 ശതമാനം കുറവുണ്ടായതായും അധികൃതർ വ്യക്തമാക്കി. ഫ്രഞ്ച് ഭാഷാ പരിജ്ഞാനമുള്ളവർക്കും പി.എച്ച്.ഡി വിദ്യാർത്ഥികൾക്കും കാനഡയിൽ കൂടുതൽ അവസരങ്ങൾ വരും മാസങ്ങളിൽ ലഭ്യമാകും. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഇമിഗ്രേഷൻ മന്ത്രാലയം അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
TR to PR; 33,000 people will have the opportunity to become permanent residents; Immigration Minister Lena Metlage shares information about the project






