മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും സംസ്കാരം ഇന്ന് നടക്കും. പുലർച്ചെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ഒൻപത് ആംബുലൻസുകളിലായി നാട്ടിലെത്തിച്ച മൃതദേഹങ്ങൾ, രാവിലെ ഒൻപത് മണിയോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനത്തിന് വെക്കും. അധ്യാപകരും ബന്ധുക്കളും ഉൾപ്പെടെയുള്ള ഉറ്റവർക്ക് അവസാനമായി ഒരുനോക്ക് കാണാൻ ഒരു മണിക്കൂറോളമാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് വിവിധ സ്ഥലങ്ങളിലായി സംസ്കാര ചടങ്ങുകൾ നടക്കും.
പൊതുദർശനത്തിന് ശേഷം പ്രധാനാധ്യാപിക അജിതയുടെ മൃതദേഹം ഷൊർണ്ണൂരിലും, മറ്റ് അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ പാങ്ങ്, ഈസ്റ്റ് പാങ്ങ്, മാട്ടാത്ത് എന്നിവിടങ്ങളിലെ ഖബർസ്ഥാനുകളിലും സംസ്കരിക്കും. അധ്യാപിക ഷക്കീനയുടെ മകൾ 11 വയസ്സുകാരി മസ്നീൻ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഉമ്മയുടെ വേർപാട് ഈ കുഞ്ഞിനെ അറിയിച്ചിട്ടില്ല. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം അഞ്ചേകാലോടെയാണ് വാൽപ്പാറ ചുരത്തിൽ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. നാട്ടിലേക്ക് മടങ്ങുന്നതിനിടെ 13-ാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം വിട്ട വാഹനം ഒൻപതാം വളവിലേക്ക് പതിക്കുകയായിരുന്നു. എട്ട് മുതിർന്നവരും ഒരു കുട്ടിയുമാണ് അപകടത്തിൽ മരിച്ചത്. ഒരു ഗ്രാമത്തെയും സ്കൂൾ കുടുംബത്തെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വലിയൊരു ദുരന്തമായി ഈ സംഭവം മാറിയിരിക്കുകയാണ്.
Return journey to death; Tearful farewell to dear teachers today
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



