ഒട്ടാവ: കാനഡ ഇമിഗ്രേഷൻ വകുപ്പിന്റെ (IRCC) ഏറ്റവും പുതിയ പ്രോസസ്സിംഗ് സമയവിവരങ്ങൾ പുറത്തുവരുമ്പോൾ സമ്മിശ്ര പ്രതികരണമാണ് അപേക്ഷകർക്കിടയിൽ ഉണ്ടാകുന്നത്. ഇന്ത്യക്കാർക്ക് ഏറ്റവും സന്തോഷകരമായ വാർത്ത വിസിറ്റർ വിസ നടപടികളിലെ വേഗതയാണ്. ഫെബ്രുവരി മാസത്തിൽ 78 ദിവസമായിരുന്ന വിസിറ്റർ വിസ പ്രോസസ്സിംഗ് സമയം ഏപ്രിൽ ആയപ്പോഴേക്കും വെറും 23 ദിവസമായി ചുരുങ്ങിയിട്ടുണ്ട്. ഇത് കാനഡ സന്ദർശിക്കാൻ ഒരുങ്ങുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സിറ്റിസൺഷിപ്പ് അപേക്ഷകളുടെ കാര്യത്തിലും പുരോഗതിയുണ്ട്. നിലവിൽ 12 മാസത്തിനുള്ളിൽ പൗരത്വ അപേക്ഷകളിൽ തീരുമാനമുണ്ടാകുന്നുണ്ട്. കൂടാതെ പുതിയ പി.ആർ കാർഡുകൾ ലഭിക്കുന്നതിനുള്ള സമയം 47 ദിവസമായി കുറഞ്ഞതും ശ്രദ്ധേയമാണ്.
എന്നാൽ ക്യുബെക് പ്രവിശ്യയിലേക്ക് മാതാപിതാക്കളെയും ഗ്രാന്റ് പേരൻസിനേയും സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് പുതിയ റിപ്പോർട്ട് നൽകുന്നത്. ഈ വിഭാഗത്തിലെ പ്രോസസ്സിംഗ് സമയം ഒറ്റയടിക്ക് 21 മാസം വർധിച്ച് 67 മാസമായി ഉയർന്നു. അതുപോലെ തന്നെ കാനഡയ്ക്കകത്ത് ഇരുന്നുള്ള വിസിറ്റർ റെക്കോർഡ് എക്സ്റ്റൻഷൻ അപേക്ഷകളുടെ കാര്യത്തിലും വലിയ കാലതാമസം നേരിടുന്നുണ്ട്. നിലവിൽ ഇതിനായി 325 ദിവസത്തോളം കാത്തിരിക്കേണ്ടി വരും. സാമ്പത്തിക കുടിയേറ്റ വിഭാഗത്തിൽ ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം വഴി അപേക്ഷിക്കുന്നവർക്ക് 6 മാസത്തിനുള്ളിൽ വിസ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ട്.
പഠന വിസയ്ക്കായി ഇന്ത്യയിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് ഏകദേശം മൂന്നാഴ്ചയാണ് നിലവിലെ കാത്തിരിപ്പ് സമയം. വർക്ക് പെർമിറ്റ് അപേക്ഷകൾക്ക് എട്ട് ആഴ്ചയോളം സമയമെടുക്കുന്നുണ്ട്. അപേക്ഷകരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായെങ്കിലും പല പ്രധാന വിഭാഗങ്ങളിലും നടപടികൾ വേഗത്തിലാക്കാൻ ഇമിഗ്രേഷൻ വകുപ്പ് ശ്രമിക്കുന്നുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ നിലവിലെ ഈ മാറ്റങ്ങൾ കൂടി പരിഗണിച്ച് മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുന്നത് നന്നായിരിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Latest IRCC Processing Times As Of April 2026






