ന്യൂഡൽഹി: ഗ്ലാമർ ലോകത്തെ കിരീടനേട്ടങ്ങൾക്ക് പിന്നാലെ മാതൃരാജ്യത്തെ സേവിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി മുൻ മിസ് ഇന്ത്യ കാശിഷ് മെത്വാനി. മുംബൈ ഉൽഹാസ്‌നഗർ സ്വദേശിയായ കാശിഷ് മെത്വാനി, ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ (OTA) നിന്നുള്ള 11 മാസത്തെ കഠിനമായ പരിശീലനം പൂർത്തിയാക്കി ലെഫ്റ്റനന്റായാണ് ഇന്ത്യൻ കരസേനയിൽ ചുമതലയേറ്റത്. സെപ്റ്റംബർ 6-ന് നടന്ന പാസിംഗ് ഔട്ട് പരേഡിലായിരുന്നു ഔദ്യോഗികമായി മെത്വാനി സൈന്യത്തിന്റെ ഭാഗമായത്.
കുട്ടിക്കാലം മുതൽ മോഡലിംഗ് രംഗത്ത് താൽപ്പര്യമുണ്ടായിരുന്ന കാശിഷ് 2023-ൽ മിസ് ഇന്റർനാഷണൽ ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. തുടർന്ന് സൈനിക സേവനമെന്ന ലക്ഷ്യത്തോടെ 2024-ൽ കമ്പൈൻഡ് ഡിഫൻസ് സർവീസസ് (CDS) പരീക്ഷ എഴുതുകയും അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടുകയും ചെയ്തു. മോഡലിംഗിന് പുറമെ മികച്ച വിദ്യാഭ്യാസ പശ്ചാത്തലവും ഇവർക്കുണ്ട്. പൂനെ സർവകലാശാലയിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ കാശിഷ്, ബെംഗളൂരുവിലെ ഐ.ഐ.എസ്.സിയിൽ (IISc) ന്യൂറോ സയൻസ് ഗവേഷണവും നടത്തിയിട്ടുണ്ട്.
കോവിഡ് കാലഘട്ടത്തിൽ പ്ലാസ്മ, അവയവദാനം എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ‘ക്രിട്ടിക്കൽ കോസ്’ എന്ന സംരംഭത്തിനും ഇവർ തുടക്കമിട്ടിരുന്നു. ശക്തമായ ദൃഢനിശ്ചയമുണ്ടെങ്കിൽ വൈവിധ്യമാർന്ന മേഖലകളിൽ ഒരേപോലെ തിളങ്ങാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവതി. വരും ദിവസങ്ങളിൽ തന്റെ പുതിയ സൈനിക ചുമതലകളിലേക്ക് കാശിഷ് പ്രവേശിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
From ramp to national service; Former Miss India Kashish Methwani is now an Indian security guard



