മോൺട്രിയൽ: ക്യുബെക്കിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ മതപ്രതീകങ്ങൾ നിരോധിച്ചുകൊണ്ടുള്ള നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്കൂൾ ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്ന് മുന്നറിയിപ്പ് നൽകി ഫെഡറേഷൻ ഡെസ് ട്രവയ്യൂർസ് എറ്റ് ട്രവയ്യൂസ് ഡു ക്യുബെക് (FTQ). മതപരമായ അടയാളങ്ങൾ ധരിക്കുന്നത് തുടർന്നാൽ പിരിച്ചുവിടൽ നടപടികൾ നേരിടേണ്ടി വരുമെന്ന് കാണിച്ച് സ്കൂൾ സർവീസ് സെന്ററുകളിൽ നിന്ന് ജീവനക്കാർക്ക് കത്തുകൾ ലഭിച്ചു തുടങ്ങിയതായി സംഘടന അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലെ നൂറുകണക്കിന് ജീവനക്കാർ നിലവിൽ വലിയ ആശങ്കയിലാണെന്ന് FTQ പ്രസിഡന്റ് മഗാലി പിക്കാർഡ് പറഞ്ഞു. സ്പെഷ്യൽ എജുക്കേഷൻ ടെക്നീഷ്യന്മാർ, സ്കൂൾ സെക്രട്ടറിമാർ, ബാലപരിചരണ അധ്യാപകർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെയാണ് ഈ നിയമം പ്രധാനമായും ബാധിക്കുന്നത്. മതപ്രതീകങ്ങളോട് സാമ്യമുള്ള വസ്ത്രങ്ങളോ ആഭരണങ്ങളോ ധരിക്കരുതെന്നാണ് ഭരണകൂടത്തിന്റെ കർശന നിർദ്ദേശം.
ക്യുബെക്കിലെ വിവാദമായ ‘ബിൽ 21’ പ്രകാരമാണ് ഈ നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ, പ്രവിശ്യയിലെ വിദ്യാഭ്യാസ മേഖല കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഇത്തരം പിരിച്ചുവിടലുകൾ സേവനങ്ങളെ തടസ്സപ്പെടുത്തുമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ഓരോ സ്കൂൾ സെന്ററുകളിലെയും എച്ച്.ആർ വിഭാഗം ജീവനക്കാരുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് പ്രായോഗികമല്ലെന്നും സംഘടന കുറ്റപ്പെടുത്തി.
കാനഡയിലെ സുപ്രീം കോടതിയിൽ ഈ നിയമം സംബന്ധിച്ച വാദങ്ങൾ നിലനിൽക്കെയാണ് സ്കൂൾ അധികൃതരുടെ നടപടി. പുതിയ പ്രീമിയർ ക്രിസ്റ്റിൻ ഫ്രെഷെറ്റ് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും വിവേചനപരമായ ഈ നിയമം റദ്ദാക്കണമെന്നും 6,00,000 തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന FTQ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ സാഹചര്യം ഒഴിവാക്കാൻ ചർച്ചകൾക്ക് തയ്യാറാണെന്നും സംഘടന അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Quebec school staff threatened with layoffs over religious symbol ban




