ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ അവതരണാനുമതി ലഭിച്ചു. വോട്ടെടുപ്പിലൂടെയാണ് സഭ ബില്ലിന് അനുമതി നൽകിയത്. ആകെ 251 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ, 185 അംഗങ്ങൾ ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തി. സഭ ആരംഭിച്ചത് മുതൽ പ്രതിപക്ഷം ഉയർത്തിയ ശക്തമായ ബഹളത്തിനും പ്രതിഷേധത്തിനുമിടയിലാണ് ബിൽ അവതരിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയത്. സ്പീക്കർ ബിൽ അവതരണത്തിന് അനുമതി നൽകിയതോടെ സഭയിൽ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്.
ബില്ലിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രംഗത്തെത്തി. കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ ബില്ലിനെ രൂക്ഷമായി വിമർശിച്ചു. ഈ നീക്കം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ആക്രമണമാണെന്നും ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കശ്മീരിലും അസമിലും സംഭവിച്ചത് രാജ്യം മുഴുവൻ ആവർത്തിക്കുമെന്ന മുന്നറിയിപ്പ് നൽകുകയും ബിൽ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മറ്റ് പ്രമുഖ പ്രതിപക്ഷ പാർട്ടികളായ തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, ഡി.എം.കെ, സി.പി.ഐ.എം എന്നിവരും ബില്ലിനെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഭരണഘടനയെയും അംബേദ്കറുടെ ആശയങ്ങളെയും തകിടം മറിക്കുന്നതാണ് ഈ ഭേദഗതിയെന്ന് ടി.എം.സി ആരോപിച്ചപ്പോൾ, കറുത്ത വസ്ത്രം ധരിച്ചാണ് ഡി.എം.കെ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇത് യഥാർത്ഥത്തിൽ സ്ത്രീ സംവരണത്തിനല്ലെന്നും മണ്ഡല പുനർനിർണയം ലക്ഷ്യമിട്ടുള്ളതാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് സ്ഥാപിത താൽപ്പര്യമുണ്ടെന്നും സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും കെ. രാധാകൃഷ്ണൻ എംപിയും വ്യക്തമാക്കി.
Lok Sabha Allows Women’s Reservation Bill Despite Protests
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



