ഫെഡറൽ സർക്കാർ വരുത്തിയ കുടിയേറ്റ പരിമിതികളെ തുടർന്ന് സാസ്കാച്ചെവാൻ സർക്കാർ താൽക്കാലികമായി നിർത്തിവച്ചിരുന്ന ‘Saskatchewan Immigrant Nominee Program’ (SINP) അടിയന്തിരമായി പുനഃസ്ഥാപിക്കുന്നു. ഈ വർഷം ആരംഭത്തിൽ, കാനഡ സർക്കാർ എല്ലാ പ്രവിശ്യാ നാമനിർദ്ദേശ പദ്ധതികളുടെയും അനുവദനീയ സംഖ്യ 50% വരെ ഗണ്യമായി വെട്ടിക്കുറച്ചതിനെ തുടർന്ന് സാസ്കാച്ചെവാന് 2009-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ എണ്ണമായ 3,625 നാമനിർദ്ദേശങ്ങൾ മാത്രമാണ് ലഭിച്ചത്. ഇതോടൊപ്പം, എല്ലാ നാമനിർദ്ദേശങ്ങളിലും 75% ഇപ്പോൾതന്നെ കാനഡയിൽ താമസിക്കുന്ന താൽക്കാലിക നിവാസികളാകണമെന്ന നിബന്ധനയും ഏർപ്പെടുത്തി.
ഡെപ്യൂട്ടി പ്രീമിയറും കുടിയേറ്റ-തൊഴിൽ പരിശീലന മന്ത്രിയുമായ ജിം റൈറ്റർ കേന്ദ്ര തീരുമാനത്തിൽ കടുത്ത നിരാശ രേഖപ്പെടുത്തി. പ്രാദേശിക തൊഴിലാളികൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ സാസ്കാച്ചെവാനിലെ തൊഴിൽദാതാക്കൾക്ക് അന്താരാഷ്ട്ര തൊഴിലാളികളെ നിയമിക്കുന്നതിൽ SINP സുപ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ പശ്ചാത്തലത്തിൽ, പരിമിതമായ നാമനിർദ്ദേശങ്ങൾ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുന്നതിനും സാസ്കാച്ചെവാന്റെ സാമ്പത്തിക വികസനം സുസ്ഥിരമാക്കുന്നതിനുമായി പ്രവിശ്യാ സർക്കാർ വിപുലമായ പരിഷ്കരണങ്ങൾ നടപ്പിലാക്കി.
പുതുക്കിയ SINP പ്രകാരം വിദേശത്തുനിന്നുള്ള അപേക്ഷകർക്കുള്ള അപ്പ്രൂവൽ ആരോഗ്യം, കൃഷി, വിദഗ്ധ തൊഴിലുകൾ എന്നിവയിൽ കേന്ദ്രീകരിക്കുമ്പോൾ, മറ്റ് മേഖലകളിലെ റിക്രൂട്ട്മെന്റ് കാനഡയിൽ ഇപ്പോൾ താമസിക്കുന്ന അപേക്ഷകരിൽ മാത്രമായി പരിമിതപ്പെടുത്തും.
കൂടാതെ, താമസ സൗകര്യം, ഭക്ഷണ സേവനം, ചില്ലറ വ്യാപാരം, ട്രക്കിങ് എന്നീ മേഖലകളിലെ നാമനിർദ്ദേശങ്ങൾ അനുവദനീയ എണ്ണത്തിന്റെ 25 ശതമാനത്തിൽ കവിയാൻ പാടില്ലാത്തവിധം ഉറപ്പാക്കിയിരിക്കുന്നു.
മുൻപ് അനുവദനീയമായിരുന്ന സ്പാ, സലൂൺ, വളർത്തുമൃഗ പരിചരണ സേവനങ്ങൾ, (വെറ്ററിനറി ഡോക്ടർമാർ ഒഴികെ)—ഇനി SINP വഴിയുള്ള റിക്രൂട്ട്മെന്റിന് അർഹമല്ലാതായിരിക്കുന്നു.Entrepreneur, International Graduate Entrepreneur, and Farm Owner/Operator വിഭാഗങ്ങളും സ്ഥിരമായി നിർത്തലാക്കിയതായി പ്രഖ്യാപിച്ചിരിക്കുന്നു.



