ഒന്റാരിയോ: ഒന്റാരിയോയിലെ ജയിലുകളിൽ അടുത്ത ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ വൻതോതിലുള്ള വിപുലീകരണം നടപ്പിലാക്കാൻ പ്രവിശ്യാ സർക്കാർ പദ്ധതിയിടുന്നതായി ആഭ്യന്തര രേഖകൾ വ്യക്തമാക്കുന്നു. 2050-ഓടെ ജയിലുകളിൽ ആകെ 6,000 പുതിയ കിടക്കകൾ അധികമായി സജ്ജീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഒന്റാരിയോയിലെ ജയിലുകൾ ഉൾക്കൊള്ളാവുന്നതിലധികം തടവുകാരെക്കൊണ്ട് നിറഞ്ഞ സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് യൂണിവേഴ്സിറ്റി ഓഫ് ഒട്ടാവയിലെ ഗവേഷകർ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകൾ വെളിപ്പെടുത്തുന്നു.
മൂന്ന് ഘട്ടങ്ങളിലായാണ് വിപുലീകരണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2032-ഓടെ 1,170 കിടക്കകൾ സജ്ജമാക്കുന്ന ആദ്യഘട്ടത്തിന് ഏകദേശം 4 ബില്യൺ ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി തണ്ടർ ബേയിൽ 2.9 ബില്യൺ ഡോളർ ചിലവിൽ പുതിയ ജയിൽ സമുച്ചയം നിർമ്മിക്കുന്നതടക്കം ബ്രോക്ക്വിൽ, കെംപ്റ്റ്വിൽ, നപ്പാനി എന്നിവിടങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ 2033-നും 2041-നും ഇടയിൽ 1,500 കിടക്കകളും, മൂന്നാം ഘട്ടത്തിൽ 2040-നും 2050-നും ഇടയിൽ 3,000 കിടക്കകളും അധികമായി നിർമ്മിക്കാനാണ് സർക്കാർ തീരുമാനം.
ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ ആവശ്യമായത്ര കിടക്കകൾ നിർമ്മിക്കുമെന്ന് സോളിസിറ്റർ ജനറൽ മൈക്കൽ കെർസ്നർ അറിയിച്ചു. നിലവിൽ പ്രവിശ്യയിലെ ജയിലുകൾ 130 ശതമാനം ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. സഡ്ബറി ജയിലിൽ ഇത് 165.7 ശതമാനമാണ്. എന്നാൽ, ജയിൽ വിപുലീകരണത്തിന് വൻതോതിൽ പണം ചിലവാക്കുന്നത് തെറ്റായ തീരുമാനമാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വിപുലീകരണം പൂർത്തിയാകുമ്പോൾ ജയിലുകളുടെ വാർഷിക പ്രവർത്തന ചിലവ് 200 കോടി ഡോളറായി ഉയരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Ontario to increase prison capacity; nearly 6,000 new beds to be created by 2050
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



