ഭോപ്പാൽ: മധ്യപ്രദേശിലെ കട്നി റെയിൽവേ സ്റ്റേഷനിൽ ബാലവേലയ്ക്കായി കടത്താൻ ശ്രമിച്ച 163 കുട്ടികളെ റെയിൽവേ പോലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്ന് രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി വൈകി നടത്തിയ പരിശോധനയിലാണ് ബിഹാറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്തുകയായിരുന്ന കുട്ടികളെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശികളായ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തെ തുടർന്ന് റെയിൽവേ സംരക്ഷണ സേനയും (ആർ.പി.എഫ്) ഗവൺമെന്റ് റെയിൽവേ പോലീസും (ജി.ആർ.പി) സംയുക്തമായാണ് പരിശോധന നടത്തിയത്. പട്‌ന-പൂർണ എക്‌സ്പ്രസ് ട്രെയിൻ കട്നി സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ കോച്ചുകളിൽ പരിശോധന നടത്തുകയായിരുന്നു. ആറു മുതൽ 13 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. യാത്രാ രേഖകളോ ടിക്കറ്റോ ഹാജരാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടിക്കളെ കടത്തുകയാണെന്ന് സ്ഥിരീകരിച്ചത്.
പിടിയിലായ പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള വിവിധ തൊഴിലിടങ്ങളിൽ ബാലവേലയ്ക്കായി ഇവരെ എത്തിക്കാനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയ കുട്ടികളെ നിലവിൽ കട്നിയിലെയും ജബൽപൂരിലെയും ശിശുസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയതായും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Attempt to smuggle children for child labor: Eight arrested, 163 children rescued by Railway Police



