പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ സ്വഭാവമുള്ള സംഘത്തിലെ മൂന്നുപേർ ബിഹാറിൽ പിടിയിലായി. രഹസ്യാന്വേഷണ വിഭാഗം നൽകിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിഹാർ പൊലീസും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. ബക്സർ ജില്ലയിലെ സിംറി പ്രദേശത്ത് നടത്തിയ മിന്നൽ പരിശോധനയിൽ കേസിലെ പ്രധാന സൂത്രധാരൻ അമൻ തിവാരിയെ പൊലീസ് പിടികൂടി.
അമൻ തിവാരിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് രണ്ട് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരെയും അറസ്റ്റ് ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതിനായി പ്രതികൾ കൃത്യമായ സമയപരിധി നിശ്ചയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കായി സംഘം വിദേശ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് സാമ്പത്തിക സഹായം തേടിയതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പ്രതികൾ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലീസ് കണ്ടുകെട്ടി. ഗൂഢാലോചനയുടെ വ്യാപ്തിയും സന്ദേശങ്ങളും കണ്ടെത്താനായി ഇവ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഡിജിറ്റൽ തെളിവുകളിലൂടെ സംഘത്തിന് പിന്നിലുള്ള മറ്റ് കണ്ണികളെ കണ്ടെത്താനാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അറസ്റ്റിലായവർക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതികളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വിദേശ ബന്ധങ്ങളെക്കുറിച്ചും എൻ.ഐ.എ ഉൾപ്പെടെയുള്ള ഏജൻസികൾ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതീവ സുരക്ഷാ പ്രാധാന്യമുള്ള വിഷയമായതിനാൽ ബിഹാറിലും അയൽ സംസ്ഥാനങ്ങളിലും ജാഗ്രത ശക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.
pm-narendra-modi-killing-plan-three-arrested-in-bihar
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



