ഒട്ടാവ: ഒട്ടാവയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മാർച്ചിൽ വീടുകളുടെ വിൽപ്പനയിൽ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിപണിയിൽ തണുപ്പൻ പ്രതികരണമാണ് ഉണ്ടായതെന്ന് ഒട്ടാവ റിയൽ എസ്റ്റേറ്റ് ബോർഡ് (OREB) അറിയിച്ചു.
മാർച്ച് മാസത്തിൽ 1,075 റെസിഡൻഷ്യൽ പ്രോപ്പർട്ടികളാണ് വിറ്റഴിക്കപ്പെട്ടത്. 2025 മാർച്ചിൽ 1,128 പ്രോപ്പർട്ടികളും 2024-ൽ 1,158 വീടുകളും വിറ്റഴിച്ചിടത്താണ് ഈ കുറവ്.
അതേസമയം, വീടുകളുടെ വിലയിൽ വലിയ മാറ്റങ്ങളില്ലാതെ സ്ഥിരത നിലനിൽക്കുന്നതായും ശരാശരി വിൽപന വില 0.9 ശതമാനം വർധിച്ച് 6,92,584 ഡോളറിലെത്തിയതായും ബോർഡ് വ്യക്തമാക്കി. ശൈത്യകാലത്തെ അപേക്ഷിച്ച് വിപണിയിൽ ചലനങ്ങൾ പ്രകടമാണെന്നും വസന്തകാലം എത്തുന്നതോടെ കൂടുതൽ സജീവമാകുമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.
ഒട്ടാവയിലെ റിയൽ എസ്റ്റേറ്റ് വിപണി നാടകീയമായ മാറ്റങ്ങളിലൂടെയല്ല കടന്നുപോകുന്നതെന്നും മന്ദഗതിയിലുള്ള സുസ്ഥിരമായ തിരിച്ചുവരവാണ് ദൃശ്യമാകുന്നതെന്നും ഒട്ടാവ റിയൽ എസ്റ്റേറ്റ് ബോർഡ് പ്രസിഡന്റ് ടാമി ഈഡ്‌സ് പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരിയിൽ 358 ഒറ്റക്കുടുംബ വീടുകൾ വിറ്റഴിച്ച സ്ഥാനത്ത് മാർച്ചിൽ 562 വീടുകൾ വിൽക്കാൻ സാധിച്ചു. വിപണിയിൽ വീടുകളുടെ ലഭ്യത വർധിച്ചതായും വിലക്കയറ്റം നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തെ കണക്കനുസരിച്ച് ഒട്ടാവയിൽ ആകെ 2,474 വീടുകളാണ് വിറ്റഴിച്ചത്. 2025-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.7 ശതമാനത്തിന്റെ കുറവാണിത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ശരാശരി വിൽപന വില 6,70,360 ഡോളറാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 0.9 ശതമാനം കുറവാണ്. വരും മാസങ്ങളിൽ വിപണി കൂടുതൽ സജീവമാകുമെന്നും സ്ഥിരത കൈവരിക്കുമെന്നുമാണ് റിയൽ എസ്റ്റേറ്റ് ബോർഡിന്റെ പ്രതീക്ഷ.
Ottawa’s real estate market slumps; sales down 5 per cent in March
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



