വേനലവധിക്ക് നാട്ടിലേക്ക് പോകാനൊരുങ്ങുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കി കുവൈത്തിൽ നിന്നുള്ള ജസീറ എയർവേയ്‌സ് സർവീസുകൾ ഭാഗികമായി റദ്ദാക്കി. ഏപ്രിൽ 10 മുതൽ മെയ് 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രവർത്തനപരമായ തടസ്സങ്ങൾ കാരണമാണ് നടപടിയെന്നാണ് എയർലൈൻ അധികൃതരുടെ വിശദീകരണം. കേരളത്തിലെ കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകളാണ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.
കണ്ണൂർ, കോഴിക്കോട് എന്നിവയ്ക്ക് പുറമെ മംഗലാപുരം, കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, ഗോവ, ലഖ്‌നൗ, വിജയവാഡ എന്നീ നഗരങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് എയർലൈൻ അറിയിച്ചു. വെബ്‌സൈറ്റോ ആപ്പോ വഴി ബുക്ക് ചെയ്തവർക്ക് പണം അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും. ട്രാവൽ ഏജന്റുകൾ വഴിയാണ് ബുക്കിംഗ് നടത്തിയതെങ്കിൽ തുക ‘ക്രെഡിറ്റ് ഷെൽ’ ആയി ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അവധിക്കാലത്ത് സർവീസുകൾ മുടങ്ങുന്നത് പ്രവാസികൾക്ക് ഇരട്ടി ആഘാതമാണ് സൃഷ്ടിക്കുന്നത്. മറ്റ് വിമാനക്കമ്പനികളിൽ സീറ്റുകൾ കുറയുന്നതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ ഇത് കാരണമാകും. ഇന്ത്യയിലെ മറ്റ് എട്ട് നഗരങ്ങളിലേക്ക് സൗദിയിലെ ദമ്മാം വഴി ജസീറ സർവീസ് തുടരുമെങ്കിലും യാത്രാസമയം വർദ്ധിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകും. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് യാത്രാസമയം ഔദ്യോഗികമായി പരിശോധിക്കണമെന്ന് സി.ഇ.ഒ ഭരതൻ പശുപതി യാത്രക്കാരോട് നിർദ്ദേശിച്ചു.
Setback for expatriates; Jazeera Airways suspends services to nine cities, including Kerala
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





